തെരഞ്ഞെടുപ്പു കമ്മീഷനെതിരായ ഹര്‍ജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

മോദിക്കും അമിത് ഷായ്ക്കുമെതിരെയുള്ള പരാതികളില്‍ കമ്മീഷന്‍ വിവേചനം കാണിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി.പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

മോദിക്കും അമിത് ഷായ്ക്കുമെതിരെയുള്ള പരാതികളില്‍ കമ്മീഷന്‍ വിവേചനം കാണിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. മോദിയും അമിത് ഷായും നടത്തിയ പരാമര്‍ശങ്ങള്‍ മറ്റു നേതാക്കള്‍ നടത്തിയപ്പോള്‍ അവര്‍ക്കെതിരെ നടപടി ഉണ്ടായെന്നും എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും മോദിക്കും ഷായ്ക്കും എതിരെയുള്ള നിരവധി പരാതികളില്‍ നടപടി എടുക്കുന്നില്ല എന്ന് കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ അധികം വാദം കേള്‍ക്കുന്നതിനു മുമ്പു തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

ഹര്‍ജി വന്ന ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എട്ട് പരാതികളില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഒരു പരാതി കിട്ടിയാല്‍ 31 ദിവസത്തിനകം തീരുമാനം എടുത്താല്‍ മതിയെന്നാണ് ചട്ടം. അതുകൊണ്ട് ഈ സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ല എന്നും കോടതി അറിയിച്ചു.

Share
Leave a Comment