പ്രീമിയര്‍ ലീഗില്‍ വാഡ്‌ഫോര്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി. തുടരെതുടരെയുള്ള പരാജയങ്ങള്‍ മൂന്നാംസ്ഥാനത്തു നിന്ന ടോട്ടനത്തെ നാലാം സ്ഥാനത്തേക്ക് തള്ളി. എന്നാല്‍ വാഡ്‌ഫോഡിനെതിരെയുള്ള ചെല്‍സിയുടെ മിന്നും ജയത്തോടെ നീലപ്പട മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരിക്കുകയാണ്. റോബന്‍ ലോഫ്റ്റസ് ചീക്ക്, ഡേവിഡ് ലൂയിസ്, ഗോന്‍സാലോ ഹിഗ്വയിന്‍ എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. യുണൈറ്റഡ് ഹഡേഴ്‌സ്ഫീള്‍ഡിനെതിരെ സമനിലയായതോടെ 66 പോയന്റുമായി ആറാം സ്ഥാനത്താണ്.
ആദ്യനാലില്‍ ഉള്‍പ്പെടാനുള്ള ചുവന്ന ചെകുത്താന്മാരുടെ എല്ലാ സാധ്യതയും ഇതോടെ അസ്തമിച്ചിരിക്കുകയാണ്. നിലവില്‍ 37 മത്സരങ്ങളില്‍ നിന്നും 71 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ചെല്‍സി. 70 പോയന്റുമായി നാലാം സ്ഥാനത്തേക്ക് ടോട്ടനം പിന്‍തള്ളപ്പെട്ടു. ബ്രയിന്റണുമായി സമനിലയില്‍ തളക്കപ്പെട്ടതോടെ ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്ത് കുരുങ്ങി. ലീഗ് കിരീടത്തിനായി സിറ്റിയും ലിവര്‍പൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 37 മത്സരത്തില്‍ നിന്നും 94 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ 36 മത്സരത്തില്‍ നിന്നും 92 പോയന്റുമായി തൊട്ടുപിറകില്‍ സിറ്റിയുമുണ്ട്. സിറ്റിയുടെ മത്സരം ഇന്ന് രാത്രി 12:30ന് ലിസ്റ്റര്‍ സിറ്റിയുമായാണ്.
Post Your Comments