ചെന്നൈ: ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. റോഷന്(33) എന്നയാളാണ് അറസ്റ്റിലായത്. ചെന്നൈക്ക് സമീപം പൂനമല്ലിയിലെ ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊളംബോ സ്ഫോടനത്തിലെ മുഖ്യപ്രതിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. തൗഹീത്ത് ജമാഅത്തുമായും റോഷന് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അതേപോലെ മതിയായ യാത്ര രേഖകളില്ലാതെയാണ് ഇയാള്‍ ഇവിടെ താമസിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ ഈ കുറ്റത്തിനാണ് ഇയാളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. റോഷന് പുറമെ മറ്റ് 3 പേരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരത്തും തിരുച്ചിറപ്പള്ളിയിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ശ്രീലങ്കയിലെ പള്ളികളില്‍ സ്ഫോടനം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റേയും സഹായികളുടേയും ഫോണുകളിലേക്ക് ഇവിടെ നിന്നും കോളുകള്‍ പോയിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
സ്ഫോടനത്തിന്റെ സൂത്രധാരന്മാരിലൊരാള് സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പായി ചെന്നൈയിലെത്തിയതായും സൂചനയുണ്ട്. ഇതിന് പുറമെ തമിഴ്നാട്ടിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ ഓഫീസുകളിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തി. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘവും റെയ്ഡില്‍ പങ്കെടുത്തു. ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരിന്നു പരിശോധന.
Post Your Comments