കൊച്ചി: ജലന്ധറില്‍ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും പോലീസുകാര്‍ അപഹരിച്ച പണത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അഞ്ച് പേരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. 2.38 കോടി രൂപയാണ് കണ്ടെത്തിയത്.
കഴിഞ്ഞമാസമാണ് ഫാ. ആന്റണി മാടശ്ശേരി സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പഞ്ചാബ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് കോടി കണക്കിന് രൂപ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസ് ആദായ നികുതി വകുപ്പിനെ ഏല്‍പ്പിച്ചു. എന്നാല്‍ കാറില്‍ നിന്നും കണ്ടെത്തിയ 9.7 കോടി രൂപമാത്രമാണ് ജലന്ധര്‍ പോലീസ് ആദായ നികുതി വകുപ്പിന് കൈമാറിയത്. എന്നാല്‍ കാറില്‍ 16 കോടി രൂപ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഫാ. ആന്റണി മാടശ്ശേരി രംഗത്തെത്തി. തുടര്‍ന്ന് ഈ തുക പോലീസുകാര്‍ അപഹരിച്ചുവെന്ന് കാണിച്ച് അദ്ദേഹം പരാതി നല്‍കുകയായിരുന്നു.
കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന റെയ്ഡിനിടയിലാണ് പഞ്ചാബ് പോലീസിലെ എഎസ്‌ഐ അടക്കമുള്ള പോലീസുകാര്‍ അറസ്റ്റിലായത്. അതേസമയം ഇവര്‍ പണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണെന്നറിഞ്ഞ കേരള പോലീസ് ഇവരെ പഞ്ചാബ് പോലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവര്‍ കവര്‍ന്നെടുത്ത 7 കോടിയില്‍ നിന്ന് 2.38 കോടി രൂപ കണ്ടെത്തിയത്.
Post Your Comments