തിരുവനന്തപുരം: കള്ളവോട്ട് സംഭവത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിടിക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ട സി.പി.എം ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ഇഷ്ടമില്ലാത്ത വിധി വരുമ്പോള്‍ കോടതികളെ ആക്രമിക്കുകയും ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്യുന്നതു പോലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സി.പി.എം ആക്രമിക്കുന്നത്. കള്ളവോട്ടു ചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ അത് യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനും തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിക്കുന്നത് ജാള്യം മറയ്ക്കാനാണെന്നും ചെന്നിത്തല പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിക്കാന്‍ നോക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. നിഷ്പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പു നടത്തേണ്ടത് കമ്മീഷന്റെ ചുമതലയാണ്. ആ സംവിധാനം ദുര്‍ബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്നും, സി.പി.എം നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും അതീതമല്ലെന്ന് കോടിയേരി ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഗുരുതരമായ തെരഞ്ഞെടുപ്പ് കുറ്റകൃത്യം ചെയ്ത അണികളെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന സന്ദേശമാണ് കോടിയേരി നല്‍കുന്നത്. പോളിംഗ് ബൂത്തില്‍ നിന്നു ലഭിച്ച വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളില്‍ നിന്ന് കള്ളവോട്ടാണ് നടന്നതെന്ന് വ്യക്തമായിട്ടും ലജ്ജയില്ലാതെ സിപിഎം അതിനെ ന്യായീകരിക്കുകയാണെന്നും കമ്മീഷനെ ഭീഷണിപ്പെടുത്താനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Post Your Comments