കൊയിലാണ്ടി: സംയോജിത കൃഷിവികസനപദ്ധതി, സംയോജിത കൃഷിവികസനപദ്ധതിക്ക് കൃഷിവകുപ്പ് നബാർഡിന്റെ സാമ്പത്തിക സഹായം തേടുന്നു. നടേരി വെളിയണ്ണൂർചല്ലിയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ അഞ്ചുകോടി രൂപയുടെ സഹായമഭ്യർഥിച്ച് വകുപ്പ് നബാർഡിനെ സമീപിച്ചതായാണ് വിവരം. ഇതിനുള്ള പദ്ധതിരേഖ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കി സർക്കാരിലേക്ക് അയച്ചിട്ടുണ്ട്.
കൂടാതെ വെളിയണ്ണൂർചല്ലി കൂടാതെ മുക്കം, കൊടിയത്തൂർ എന്നിവിടങ്ങളിലെ പാടശേഖരങ്ങളുടെ അടിസ്ഥാനവികസനത്തിനും മറ്റൊരു അഞ്ചുകോടിയുടെ സഹായവും തേടുന്നുണ്ട്. കൊയിലാണ്ടി നഗരസഭയിലും അരിക്കുളം, കീഴരിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന 370 ഏക്കർ വിസ്തൃതി വരുന്ന പാടശേഖരമാണ് വെളിയണ്ണൂർചല്ലി. പ്രതികൂലമായ കാലാവസ്ഥയും ഭൗതികസൗകര്യങ്ങളുടെ പരിമിതിയുമാണ് വെളിയണ്ണൂർ ചല്ലിയിൽ നെൽക്കൃഷിക്ക് തടസ്സമാകുന്നത്.
ഏറെ മികച്ച വളക്കൂറുള്ള മണ്ണാണ് ഇവിടത്തേത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ച് കൃഷിചെയ്താൽ മികച്ച വിളവുകിട്ടും. നെൽക്കൃഷിയോടൊപ്പം മത്സ്യക്കൃഷി, കന്നുകാലിവളർത്തൽ, താറാവ് വളർത്തൽ, പൂകൃഷി, പച്ചപ്പുൽക്കൃഷി എന്നിവയ്ക്കും സാധ്യതയേറെയാണ്.
Post Your Comments