തിരുവനന്തപുരം: കള്ളവോട്ട് പിടിക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ട സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ പ്രചരണ തന്ത്രത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വീണുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിചിത്രമാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് കോടിയേരി സംസാരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
സിപിഎം നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും അതീതരല്ലെന്ന് കോടിയേരി ഓര്‍ക്കണം. ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റകൃത്യം ചെയ്ത തങ്ങളുടെ അണികളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായുള്ള നീക്കത്തിലൂടെ അദ്ദേഹം നൽകുന്നത്. ഓപ്പണ്‍ വോട്ട് എന്നൊരു സംവിധാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുമ്പോള്‍ അങ്ങനെയൊന്നുണ്ടെന്ന് പറയുന്ന കോടിയേരി തന്റെ അജ്ഞത വെളിപ്പെടുത്തുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments