ദക്ഷിണാഫ്രിക്ക: അതിസമ്പന്നരായ ആളുകള്‍ക്ക് വിനോദത്തിനായി ദക്ഷിണാഫ്രിക്കയില്‍ സിംഹങ്ങളെ കൊന്നൊടുക്കുന്നതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സമ്പന്നര്‍ക്ക് വെടിവെച്ച് കൊന്ന് രസിക്കാന്‍ അവിടെ കൃത്രിമവനങ്ങള്‍ ഉണ്ടാക്കി അതില്‍ അനേകം സിംഹങ്ങളെ വളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനകത്ത് സര്‍വ സുരക്ഷാ സന്നാഹങ്ങളോടെയും പ്രവേശിക്കുന്നവര്‍ മൃഗയാവിനോദത്തിലേര്‍പ്പെടുകയാണ്. ആയിരക്കണക്കിന് സിംഹങ്ങളെയാണ് ഇത്തരത്തില്‍ നായാട്ടിനായി വളര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ കൊന്നൊടുക്കുന്ന സിംഹങ്ങളുടെ എല്ലുകള്‍ക്കും വലിയ വിലകിട്ടും. എല്ലുകളില്‍നിന്ന് വിവിധ മരുന്നുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നഖങ്ങളും പല്ലുകളും മറ്റും ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കയറ്റുമതി ചെയ്യുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ധനാഢ്യര്‍ ഇവിടേക്ക് നായാട്ടിനായി എത്തുന്നുണ്ട്. രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ കശാപ്പുശാലകളിലേക്ക് സിംഹങ്ങളെ ഓടിച്ചുകൊണ്ടുവന്ന് വെടിവെച്ചുകൊല്ലുകയാണ് ഈ നായാട്ടിന്റെ രീതി. അതീവ രഹസ്യമായാണ് മൃഗയാവിനോദം ഇവിടെ നടക്കുന്നത്. ഒരുവര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ മുന്‍ ബ്രിട്ടീഷ് എംപി ലോര്‍ഡ് ആഷ്‌ക്രോഫ്റ്റാണ് ബ്രിട്ടീഷുകാരും ഈ വിനോദത്തില്‍ പങ്കാളികളാകാറുണ്ടെന്ന് കണ്ടെത്തിയത്. മൃഗത്തോലുള്‍്പ്പെടെയുള്ളവയുടെ ഇറക്കുമതി നിരോധിക്കാതെ ബ്രിട്ടീഷ് സര്‍ക്കാരും ഈ നായാട്ടിന് കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ആഷ്‌ക്രോഫ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ നായാട്ടിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. ഒരു കശാപ്പുശാല കേന്ദ്രീകരിച്ച് രണ്ടുദിവസത്തിനിടെ 54 സിംഹങ്ങള്‍വരെ തോക്കിനിരയായിട്ടുണ്ടെന്ന് ഇവര്‍ കണ്ടെത്തി. സിംഹത്തിന്റെ തോലും മറ്റും ബ്രിട്ടന്‍ വഴിയാണ് അമേരിക്കയിലേക്ക് കടത്തുന്നത്. മാനുകളുടെ തോലിനിടയില്‍വച്ചാണ് സിംഹത്തോല്‍ കടത്തുന്നതെന്നും കണ്ടെത്തി. അങ്ങനെ കടത്തുമ്പോള്‍ പെട്ടെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് കണ്ടെത്താനാവില്ല. വേട്ടയാടുന്നതിനായി വളര്‍ത്തിയിരുന്ന 11 വയസ്സായ സിംബയെന്ന സിംഹത്തെ ആഷ്‌ക്രോഫ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു നായാട്ടുകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഇതിനെ സ്വാഭാവിക ഉള്‍വനത്തില്‍ തുറന്നുവിടുകയും ചെയ്തു. സിംഹത്തെ തുറന്നുവിട്ടതെവിടെയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സിംബയെ കൊല്ലാന്‍ നായാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് ആഷ്‌ക്രോഫ്റ്റിന്റെ സംഘം അതിനെ രക്ഷപ്പെടുത്തിയതും.
Post Your Comments