ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൂടുതല്‍ ചീറ്റകള്‍ ഇന്ത്യയിലേയ്ക്ക് എത്തുന്നു. 12 ചീറ്റകളാണ് ഇന്ത്യയിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയോടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് ഈ ബാച്ച് ചീറ്റകളെയും എത്തിക്കുന്നത്. അതേസമയം, ജനുവരി 26 റിപബ്ലിക് ദിനത്തോടുകൂടി തന്നെ ഇവ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ ദക്ഷിണാഫ്രിക്ക ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. രാജ്യത്ത് നിന്നുള്ള വിദ്ഗധ സംഘം ഉടന്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചേക്കും. രാജ്യത്തേക്ക് കൊണ്ടുവരാനൊരുങ്ങുന്ന ചീറ്റകളില്‍ 12 എണ്ണവും ദക്ഷിണാഫ്രിക്കയില്‍ രണ്ടിടങ്ങളിലായി ക്വാറന്റീനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Also: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡീൻ ഉൾപ്പെടെ എട്ടു പേർ രാജിവെച്ചു
രണ്ടാം ബാച്ചിലെത്തുന്ന 12 ചീറ്റകളില്‍ ഏഴെണ്ണം ആണും അഞ്ചെണ്ണം പെണ്ണുമാണ്. ഫെബ്രുവരിയോടെ ഇവ രാജ്യത്തേക്ക് എത്തുമെന്ന് മധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ജെ.എസ് ചൗഹാന്‍ പറഞ്ഞു. ആദ്യത്തെ ബാച്ചിലെ ചീറ്റകളെ പോലെ തന്നെ രാജ്യത്തേക്കെത്തുന്ന ചീറ്റകളെ ആദ്യം ക്വാറന്റീനിലാകും പാര്‍പ്പിക്കുക. ഒരു മാസത്തെ ക്വാറന്റീന്‍ കാലാവധിക്ക് ശേഷം അഞ്ചു സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്ന് വിടും. പിന്നീട് മെല്ലെയാകും ഇവരെ ഉദ്യാനത്തിലേക്ക് മാറ്റുക.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നിലവില്‍ എട്ടു ചീറ്റകളാണ് ഉള്ളത്. സെപ്റ്റംബര്‍ 17 നാണ് ഇവയെ രാജ്യത്ത് എത്തിച്ചത്. ഇവ പരിസരവുമായി നല്ല രീതിയില്‍ ഇണങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. 1952-നാണ് വേട്ടയാടലും മറ്റ് ഘടകങ്ങളും മൂലം രാജ്യത്ത് ഏഷ്യാറ്റിക് ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.
Post Your Comments