മുംബൈ: പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.എസ്.പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ രാഹുലിനേക്കാള്‍ യോഗ്യനാണെന്ന് ശരദ് പവാര്‍ . സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യം ഇപ്പോള്‍ നിലവിലുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ് . അതുപോലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന തരത്തിലുള്ള സംസാരങ്ങള്‍ അടിസ്ഥാനരഹിതമാണ്.
തിരഞ്ഞെടുപ്പിന് ശേഷം എന്‍.ഡി.എയിലെ ചില ഘടകകക്ഷികളും തങ്ങളുടെ കൂടെയുണ്ടാകും. 2004ല്‍ ഒരു മുന്നണിയുമില്ലാതെ ഒറ്റയ്ക്കാണ് ഞങ്ങളെല്ലാം മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ മുന്നണി ഉണ്ടാക്കി.മന്‍മോഹന്‍ സിങ്ങും പ്രണബ് മുഖര്‍ജിയും സോണിയ ഗാന്ധിയും താനും ചേര്‍ന്ന് സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് മുന്നണി ചര്‍ച്ചകള്‍ നടത്തിയത്. രാജ്യത്ത് പത്ത് വര്‍ഷക്കാലം ശക്തമായ സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ശരദ് പവാർ അവകാശപ്പെട്ടു. .
രാജ്യത്ത് നല്ല നേതാക്കള്‍ക്ക് കുറവില്ല. തിരഞ്ഞെടുപ്പിന് ശേഷം ആര് വരണമെന്ന കാര്യം തങ്ങള്‍ തീരുമാനിക്കുമെന്നും എല്ലാവരുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മാന്ത്രിക സംഖ്യ മറികടക്കുമെന്നും ശരത് പവാര്‍ പറഞ്ഞു.. സര്‍ക്കാര്‍ രൂപീകരണത്തിനൊപ്പം പൊതുമിനിമം പരിപാടിക്കും രൂപം കൊടുക്കുമെന്നും ശരത് പവാര്‍ കൂട്ടിച്ചേർത്തു
Post Your Comments