മലപ്പുറം/തൃശൂര്‍: ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തിനു (എന്‍.ടി.ജെ) പിന്നാലെയുള്ള അന്വേഷണം കേരളത്തിലേക്കും. കേരള പോലീസിന്റെ സഹകരണത്തോടെ ദേശീയ ഏജന്‍സികളാണ് കേരളത്തില്‍ ഐ.എസിന്റെ സ്ലീപ്പിങ് സെല്ലുകളെയും അനുഭാവികളെയും തെരയുന്നത്. പത്തോളം പേരെ ചോദ്യംചെയ്‌തതായാണു വിവരം. ഐ.എസ്. അനുഭാവമുള്ള ദമ്മാജ് സലഫിസത്തില്‍ വിശ്വസിക്കുന്ന സംഘം ശ്രീലങ്കയിലും കേരളത്തിലും സജീവമായിരുന്നു.
കണ്ണൂരില്‍നിന്ന് ഐ.എസിലേക്കു പോയവര്‍ ദമ്മാജ് സലഫികളാണെന്നു കണ്ടെത്തിയതോടെ ഇവരുമായി ബന്ധപ്പെട്ട നിരവധിപ്പേര്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഐ.എസില്‍ ചേരാനായി അഫ്‌ഗാനിസ്‌ഥാനിലേക്കു പോയ മലയാളികളില്‍ പലരും പലപ്പോഴായി ശ്രീലങ്കയില്‍ പോയതായി കണ്ടെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സ്‌ഫോടന പരമ്പരയ്‌ക്കു മലയാളി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നത്.
വണ്ടിപ്പെരിയാര്‍, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍നിന്നുള്ള അറുപതോളം പേരുടെ വിവരങ്ങള്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ വഴി എന്‍.ഐ.എയ്‌ക്കു കൈമാറിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.. കൊളംബോയില്‍ സ്‌ഫോടനം നടത്തിയ എന്‍.ടി.ജെയുടെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും സംഘടനകളുണ്ടെന്നു കണ്ടെത്തിയെങ്കിലും പരസ്‌പരബന്ധം വ്യക്‌തമായിട്ടില്ല. പെരുമ്പാവൂരും ഈരാറ്റുപേട്ടയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അമരക്കാരിലേറെയും കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് ജില്ലക്കാരാണ്.
തമിഴ്‌നാട്ടില്‍ പഠിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന ചില മലയാളികള്‍ക്ക് തമിഴ്‌നാട് തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്. ഇംഗ്ലീഷ്, അറബി ഭാഷകളിലാണു വീഡിയോ ഇറക്കിയത്. തുടര്‍ന്ന് മലയാളം, തമിഴ് തര്‍ജമയിലുമെത്തി. സാമൂഹിക മാധ്യമങ്ങളിലെ ചില അക്കൗണ്ടുകളിലൂടെ ഇവ വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും പിന്നീടു നീക്കം ചെയ്യപ്പെട്ടു. കണ്ണൂര്‍ കനകമലയില്‍ നടന്ന ഐ.എസ്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തമിഴ്‌നാട്ടിലെ ഭീകര സെല്ലുകളുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു.
വാഗമണിലെ തങ്ങള്‍പാറയില്‍ നടത്തിയതിനു സമാനമായ ക്യാമ്പ് കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. മധുരയിലായിരുന്നു പ്രാഥമികപരിശീലനം. അവിടെനിന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി നാമക്കലില്‍ ക്യാമ്പ് നടത്തി. ബോംബ് നിര്‍മാണമടക്കം പരിശീലിപ്പിച്ചതായാണ് ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കു ലഭിച്ച വിവരം.
ശ്രീലങ്കന്‍ ഭീകരന്റേതെന്നു കരുതുന്ന ആദില്‍ എ.എക്‌സ് എന്ന ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിലെ സന്ദേശങ്ങള്‍ ചില മലയാളികള്‍ പങ്കുവച്ചിട്ടുണ്ട്.
അഫ്‌ഗാനിലെ ഐ.എസിലേക്കു പോയ മലയാളികള്‍ ശ്രീലങ്കയില്‍ സലഫി പ്രഭാഷകനായ നവാസ് അല്‍ ഹിന്ദിയുടെ ഹദീസ് പഠനക്ലാസുകളില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ടെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments