കണ്ണൂര്‍: കെ സുധാകരനെക്കാള്‍ മാത്രമല്ല, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെക്കാളും മികച്ച പ്രകടനമാണ് പി കെ ശ്രീമതി ടീച്ചര്‍ പാര്‍ലമെന്റില്‍ കാഴ്ചവച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് രേഖകള്‍ ഇതിനു തെളിവാണ്. ‘ആണ്‍കുട്ടിയോ’ ‘പെണ്‍കുട്ടിയോ’ എന്നതല്ല, നാടിനോടും തെരഞ്ഞെടുത്ത ജനങ്ങളോടും പ്രതിബദ്ധതയുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ‘ഓളെ ഒന്നിനും കൊള്ളൂല. എന്തെങ്കിലും ചെയ്യാന്‍ ആണ്‍കുട്ടി തന്നെ പോകണമെന്ന’ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ വിവാദ പരസ്യത്തോടു വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി.
2009 മുതല്‍ 2014 വരെയുള്ള അഞ്ചു വര്‍ഷം കെ സുധാകരനാണ് കണ്ണൂര്‍ മണ്ഡലത്തെ പ്രതിനധീകരിച്ചത്. ഈ അഞ്ചു വര്‍ഷം അദ്ദേഹം 14 തവണ മാത്രമാണ് ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇക്കാലയളവിലെ ദേശീയ ശരാശരി 37.9 ഉം സംസ്ഥാന ശരാശരി 69.4 ഉം ആണ്. ചോദ്യങ്ങള്‍ വെറും 292. ദേശീയ ശരാശരി 300 ഉം സംസ്ഥാന ശരാശരി 292 ഉം ആയിരിക്കെയാണ് സുധാകരന്റെ ദയനീയ പ്രകടനം. പാര്‍ലമെന്റ് യോഗങ്ങളില്‍ സുധാകരന്‍ കൃത്യമായി പങ്കെടുത്തിട്ടുപോലുമില്ല. ഹാജര്‍ നില 66 ശതമാനം മാത്രം.
അതേസമയം 2014 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി കെ ശ്രീമതി ടീച്ചര്‍ അഞ്ചു വര്‍ഷത്തിനിടെ ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് 167 തവണയാണ്. ദേശീയ ശരാശരി 67.1 ഉം സംസ്ഥാന ശരാശരി 142.5 ഉം ആയിരിക്കെയാണ് ശ്രീമതി ടീച്ചറുടെ മികച്ച പ്രകടനം. ഇക്കാലയളവില്‍ അവര്‍ 511 ചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യങ്ങളുടെ ദേശീയ ശരാശരി 293 ഉം സംസ്ഥാന ശരാശരി 424 ഉം മാത്രമാണ്. 77 ശതമാനം ഹാജരുമുണ്ട് ടീച്ചര്‍ക്ക്.
ആണ്‍കുട്ടിയായിട്ടും എന്തുകൊണ്ടാണ് സുധാകരന് ശ്രീമതി ടീച്ചറുടെ അടുത്തുപോലും എത്താന്‍ കഴിയാതിരുന്നത്?
സുധാകരനെക്കാള്‍ പിന്നിലാണ് രാഹുല്‍ ഗാന്ധി. ഹാജര്‍ നില 52 ശതമാനം മാത്രം. ചര്‍ച്ചയില്‍ പങ്കെടുത്തത് 14 തവണ. ചോദ്യങ്ങള്‍ പൂജ്യം– കണക്കുകള്‍ ഉദ്ധരിച്ച് കോടിയേരി പറഞ്ഞു.
Post Your Comments