ലോകം വിസ്മയത്തോടെ കണ്ട് വന്ദിച്ച സ്വാമി വിവേകാനന്ദന്‍ കര്‍മനിരതനായിരുന്നു. സാമൂഹികമായ പ്രശ്നങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഏറ്റവുമധികം പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചത് ജന്‍മനാടായ ഭാരതത്തിന് വേണ്ടിയായിരുന്നു. ഈശ്വരനുണ്ടോ എന്ന ചോദ്യവുമായി ഇറങ്ങിത്തിരിച്ച ആ യുവസന്യാസിയുടെ സാമൂഹികമായ ഇടപെടലുകള്‍ കണ്ടവര്‍ അദ്ദേഹത്തിന്റെ സന്ന്യാസത്തെ ചോദ്യം ചെയ്തതായി അറിയില്ല. ഇവിടെ ചിദാനന്ദപുരി എന്ന സ്വാമി ഇടത് രാഷ്ട്രീയനേതാക്കളാലും അതേ അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകരാലും ചോദ്യം ചെയ്യപ്പെടുകയാണ്. സ്വാമിയുടെ സന്ന്യാസത്തെക്കുറിച്ചാണ് അവര്‍ക്ക് അറിയേണ്ടത്. ഒരാള്‍ ആണെന്ന് പറഞ്ഞാല്‍ താന്‍ സന്യാസി ആകുകയോ അല്ലെന്ന് പറഞ്ഞാല്‍ അല്ലാതാകുകയോ ചെയ്യുന്നില്ല എന്ന ഉത്തരം മാത്രമാണ് ചിദാനന്ദ സ്വാമിക്ക് നല്‍കാനുള്ളത്. ഇനി തങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒന്ന്, രണ്ട് എന്നെണ്ണി ശ്വാസം വിടാന്‍ സാവകാശമില്ലാതെ ഉത്തരം പറയിക്കാന്‍ ശ്രമിക്കുകയും അതിനിടയില്‍ ആവശ്യമായ ഉത്തരം എതിര്‍കക്ഷികളെ കൊണ്ട് പറയിക്കുകയും ചെയ്യുന്ന വേണു ബാലകൃഷ്ണന്‍മാര്‍ക്ക് മുന്നില്‍ ചിദാനന്ദസ്വാമിയെപ്പോലൊരാള്‍ നിന്നുകൊടുക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം.
ചിദാനന്ദസ്വാമിക്ക് മുമ്പേ സാമൂഹികമായ ഇടപെടലുകള്‍ നടത്തുകയും ഒപ്പം വിശ്വസിക്കുന്ന മതത്തിനായി പ്രവര്‍ത്തിക്കുകയും വാദിക്കുകയും ചെയ്ത സന്യാസിവര്യന്‍മാര്‍ ഒരുപാടുണ്ട്. അവരൊക്കെ കണ്‍മുന്നില്‍ ജീവിച്ചിരുന്ന സത്യമാണ്. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുണ്ട് പല സ്വഭാവവും ശൈലിയുമുള്ള മുനിമാര്‍.
മുനിയായിരുന്ന പരശുരാമനാണ് ക്ഷത്രിയഹന്താവാകാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ദുര്‍വാസാവും മുനിയായിരുന്നു പക്ഷേ ഉഗ്ര തപസ്വിയായിട്ടും അദ്ദേഹത്തിന് കോപത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. വ്യാസമഹര്‍ഷിയാണ് കുരുവംശത്തെ വേരറ്റുപോകാതെ കാത്ത് ധൃത്രാഷ്ട്രരെയും പാണ്ഡുവിനെയും പിന്നെ വിദുരരെയും ജനിപ്പിച്ചത്. അങ്ങനെ നോക്കിയാല്‍ ഒരുപാട് കഥാപാത്രങ്ങളുണ്ട് എണ്ണിപ്പറയാന്‍. പക്ഷേ ഇവരാരും മുനിമാരെന്ന നിലയില്‍ എവിടെയും ചോദ്യം ചെയ്യപ്പെട്ടില്ല. സന്യാസി എന്ന വാക്കിന്റെ ബന്ധനത്തില്‍ നിഷ്‌ക്രിയരായി നാമം ജപിച്ചിരുന്നിട്ടുമില്ല. പക്ഷേ ഹൈ ടെക് സാങ്കേതിക വിദ്യയുടെ കലികാലത്ത് തന്റെ വാസനയും കര്‍മഗതിയുമനുസരിച്ച് ഒരുവന്‍ സ്വയംവരിച്ച സന്യാസം ചോദ്യം ചെയ്യപ്പെടുമ്പോള്‍, അധികാരത്തിന്റെ ബലത്തില്‍ അത് അധിക്ഷേപിക്കപ്പെടുമ്പോള്‍ ഭാരതത്തിന്റെ പൗരാണികപാരമ്പര്യവും അതിന്റെ ഗരിമയും മഹിമയുമറിയുന്നവര്‍ നിശബ്ദരാകരുത്.
സന്യാസിമാര്‍ക്ക് രാഷ്ട്രീയം വേണ്ടെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. കൃത്യമായ രാഷ്ട്രീയ അവബോധവും ഇടപെടലുകളും നടത്തി ഭരണകാര്യങ്ങളില്‍ രാജാവിനൊപ്പം നിന്ന ഗുരുക്കന്‍മാരുമുണ്ട്. പണ്ട് കിരീടവും ചെങ്കോലും ധരിച്ച് സിംഹാസനാരൂഢനായാണ് രാജാവ് സ്ഥാനമേറ്റിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ‘ദണ്ഡാതീതോസ്മി’ എന്ന് ഉരുവിടുന്ന രാജാവിന്റെ തലയില്‍ ദര്‍ഭപ്പുല്ലുകൊണ്ട് തല്ലി ‘ന ധര്‍മ്മദണ്ഡോസി’ എന്ന് രാജഗുരുക്കന്‍മാര്‍ ഓര്‍മ്മിപ്പിക്കുമത്രെ. എല്ലാ ദണ്ഡങ്ങള്‍ക്കും അതീതനാണ് താനെന്ന് അഹങ്കരിക്കുന്ന രാജാവിന് ധര്‍മ ദണ്ഡത്തിന് അതീതനാണ് നീ എന്ന് ധര്‍മ്മബോധം പകര്‍ന്നു നല്‍കുന്ന രാജപുരോഹിതന്‍മാര്‍ ഇന്നില്ല. പക്ഷേ അതിനര്‍ത്ഥം ആ വംശം പൂര്‍ണമായും മുടിഞ്ഞടങ്ങിപ്പോയെന്നുമല്ല. മുന്‍വിധികളും അറിവില്ലായ്മയും മൂലം സന്യാസമുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് പൂജനീയ ചിദാനന്ദ സ്വാമിക്ക് നേരൈ വിരല്‍ ചൂണ്ടപ്പെടുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തതാണ് ചിദാനന്ദസ്വാമി ചെയ്ത കുറ്റം. താന്‍ വിശ്വസിക്കുന്ന മതത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും സ്വാമിക്ക് പൂര്‍ണമായ അവകാശമുണ്ട്. അതിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നില്‍ക്കാനും അദ്ദേഹത്തിന് ആരുടെയും അനുവാദം ആവശ്യമില്ല. ചിദാനന്ദ സ്വാമിക്കെതിരെ ചൂണ്ടിയ വിരല്‍ ക്രൈസ്തവ ഇസ്ലാംമത പുരോഹിതന്‍മാര്‍ക്കെതിരെ ചൂണ്ടാന്‍ കോടിയേരി ആദിയായ സഖാക്കള്‍ക്ക് ധൈര്യമുണ്ടോ. അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പേരില്‍, അപമാനിതമാകുന്ന തിരുവസ്ത്രത്തിന് വേണ്ടി തെരുവില്‍ പന്തല്‍കെട്ടി സമരം നടത്തിയിട്ടും പ്രതിസ്ഥാനത്തുണ്ടായിരുന്ന പുരോഹിതനെതിരെ ലിംഗസമത്വത്തിന്റെ വക്താക്കള്‍ മിണ്ടിയോ. കോതമംഗലം മാര്‍ത്തമറിയം പള്ളിയില്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കാത്ത പിണറായി സര്‍ക്കാര്‍ ഞങ്ങളുടെ രക്ഷകനാണെന്നാണ് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പറഞ്ഞത്. വോട്ട് ഇടത് പക്ഷത്തിന് നല്‍കണമെന്ന് സഭാവിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ. തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് പെരുമാറുന്നവര്‍ക്ക് വോട്ട് നല്‍കുക എന്നതാണ് ക്രൈസ്തവ സഭകളുടെ പൊതുസ്വഭാവം. അവിടെ എന്തുമാകാമല്ലോ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ഇരിക്കെ ശബരിമലക്ക് വേണ്ടി കര്‍മസമിതി രൂപീകരിക്കുകയും ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്നും പറഞ്ഞതിന്റെ പേരില്‍ സ്വാമി ചിദാനന്ദ പുരി അവഹേളിക്കപ്പെടുമ്പോള്‍ മുഴുവന്‍ ഹൈന്ദവ മത വിശ്വാസികളും അദ്ദേഹത്തിനൊപ്പം നില്‍ക്കണം. പുരോഗമനത്തിന്റെ പേരില്‍ വിശ്വാസങ്ങളിലും ആചാരങ്ങളിലും കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നവര്‍ അതിനായി ഏതറ്റം വരെയും പോകും. അവരോട് പറയാനുള്ളത് ഇത്രമാത്രം, സഖാക്കളേ, സ്പര്‍ശിച്ച് നിങ്ങള്‍ നശിപ്പിച്ചേക്കും, പക്ഷേ അകന്നുമാറി നിന്ന് ഞങ്ങള്‍ സ്വന്തമാക്കും.
Post Your Comments