ചിക്കണ്ടിയൂര്‍: അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞ മധു ഒരാണ്ടിനിപ്പുറം ഇന്നും ചിക്കണ്ടിയൂരുകാര്‍ക്ക് ഒരു തീരാവേദനയായി തുടരുകയാണ്. അന്ന് അധികാരികൾ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചിക്കണ്ടിയൂരിലെ 42-ഓളം കുടുംബങ്ങളാണ് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്.
അടിസ്ഥാന സൗകര്യങ്ങളൊക്കെയും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയെന്നും ഇവര്‍ പറയുന്നു. സഞ്ചാരയോഗ്യമായ റോഡോ ആവശ്യത്തിന് കുടിവെള്ളമോ കിട്ടാതെ പെടാപ്പാട് പെടുകയാണ് ചിക്കണ്ടിയൂരുകാര്‍. അതിനാലാണ് കേരളത്തിലെ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ചിക്കണ്ടിയൂരുകാര്‍ നിര്‍ബന്ധിതരാകുന്നത്. എന്നാലെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കാം എന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
അട്ടപ്പാടിയില്‍ എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സ്ഥലം എംഎല്‍എ അഡ്വ.എന്‍.ഷംസുദ്ദീനോ പാലക്കാട് മണ്ഡലം എം.പി എം.ബി.രാജേഷോ അട്ടപ്പാടിയിലെ ചിക്കണ്ടിയൂര്‍ നിവാസികളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നാണ് പ്രധാന ആരോപണം.
Post Your Comments