ന്യൂഡല്‍ഹി: പാക്ക് പ്രധാനമന്ത്രിയെ കാണാന്‍ രാഹുലും മമതയും. ചിത്രം സഹിതം പുറത്തു വന്നപ്പോള്‍ ചിലരെങ്കിലും ഇത് യഥാര്‍ത്ഥമാണെന്ന് കരുതിക്കാണും. എന്നാല്‍ വൈറലായ ചിത്രത്തിന് പിന്നില്‍ ഫോട്ടോഷോപ്പിനും ഒരു കഥ പറയാനുണ്ട്. പ്രതിപക്ഷ കക്ഷികളുടെ നേതാക്കളായ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണാന്‍ ഊഴംകാത്തിരിക്കുന്നതാണ് ഈ ചിത്രം.
പാകിസ്താന്‍ സൈനിക മേധാവിയോട് ഇമ്രാന്‍ ഖാന്‍ സംസാരിക്കുമ്പോള്‍ തൊട്ടുപിന്നില്‍ നിരത്തിയിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കുകയാണ് രാഹുല്‍ ഗാന്ധിയും മമതയും. ഇതിനൊപ്പം പഞ്ചാബ് മന്ത്രി നവജ്യോത് സിങും ശത്രുഘ്‌നന്‍ സിന്‍ഹയും കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ജനാലയ്ക്കു പുറത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നമസ്‌കരിക്കുന്നതും സൂക്ഷിച്ചു നോക്കിയാല്‍ കാണാം.
യഥാര്‍ഥത്തില്‍ ഏപ്രില്‍ നാലിന് പാക് സൈനിക മേധാവി ജാവേദ് ബജ്വയുമായി ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യമാണിത്. ഇതിന്റെ യഥാര്‍ഥ ചിത്രം പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ ഇരുവര്‍ക്കും പിന്നില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കാണാം. ഫോട്ടോഷോപ് ഉപയോഗിച്ച് ഈ കസേരകളില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിനൊപ്പം അടിക്കുറിപ്പുമുണ്ട്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ പാകിസ്താനാണ് വോട്ട് ചെയ്യുന്നത്. പാകിസ്താന്റെ അടിമകള്‍ മുറിയുടെ മൂലയ്ക്കിരിക്കുന്ന ഈ ചിത്രം നോക്കൂ’- എന്നാണ് അടിക്കുറിപ്പ്. വിവിധ ഭാഷകളിലുള്ള അടിക്കുറിപ്പോടുകൂടി ഈ ചിത്രം നിരവധി തവണയാണ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.
Post Your Comments