തുടര്‍ വിജയം ലക്ഷ്യം വെച്ച് ഒരങ്കത്തിനുകൂടി ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട്ടെ സിറ്റിംങ് എം.പി എം.കെ. രാഘവന്‍. എം.പി കഴിഞ്ഞ പത്തു വര്‍ഷം കോഴിക്കോടിനു വേണ്ടി ചെയ്തതു മറന്നു വോട്ടു ചെയ്യാന്‍ ഇവിടുത്തെ ജനങ്ങള്‍ക്കു സാധിക്കില്ലെന്ന ആത്മവിശ്വാസവുമുണ്ട് കൂട്ടിന്. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും മുന്‍പേ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മണ്ഡല പര്യടനം നടത്തി പ്രചാരണരംഗത്ത് സജീവമായി അദ്ദേഹം. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ വികസന നേട്ടങ്ങളുടെ വലിയ പട്ടിക തന്നെ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തിയിരിക്കുകയാണിപ്പോള്‍.
2009ല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലെത്തിയ എം.കെ. രാഘവന്‍ 2014ല്‍ ഭൂരിപക്ഷം 16,883 ആയി ഉയര്‍ത്തി. സിറ്റിങ് എംപി തന്നെ മല്‍സരിച്ചാല്‍ മതിയെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിച്ച് വീണ്ടും മല്‍സരിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് അദ്ദേഹം. ഭൂരിപക്ഷം പലമടങ്ങ് വര്‍ധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് പാളയവും.
ആരോഗ്യമേഖലയിലും റെയില്‍വേയിലുമെല്ലാം ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് എം.കെ. രാഘവന്‍ നിരത്തുന്ന പട്ടികയില്‍ ആദ്യസ്ഥാനത്തുള്ളത്. 44.5 കോടി രൂപ മുടക്കി നടപ്പാക്കിയ കാന്‍സര്‍ സെന്റര്‍, ഇംഹാന്‍സ്, പ്രധാന്‍മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയില്‍ നടപ്പാക്കിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഷനാക്കിയ പദ്ധതികള്‍ തുടങ്ങി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് നിരവധി നേട്ടങ്ങള്‍. സഭയില്‍ മുടങ്ങാതെ പങ്കെടുത്തതു മുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചതും എല്ലാ ചര്‍ച്ചകളിലും പങ്കെടുത്തിട്ടുള്ളതും എംപി എന്ന നിലയില്‍ തന്റെ നേട്ടമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഘവനെതിരെ ഒരു ഹിന്ദി ചാനല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് വിവാദമായിരുന്നു.എന്നാല്‍ ഇത് അടിസ്ഥാന രഹരിതമാണെന്നും അന്വേഷണം നടത്തണമെന്നുമാണു യുഡിഎഫിന്റെ ആവശ്യം. ദൃശ്യങ്ങള്‍ വ്യാജമാണെന്നും ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്നും പറഞ്ഞാണു രാഘവന്‍ ഇതിനെ പ്രതിരോധിച്ചത്. നിലവില്‍ വിഷയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പരിഗണനയിലാണ്.
Post Your Comments