പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി ജനപക്ഷം പാര്‍ട്ടിയുടെ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്നു പിസി ജോർജ്. കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും കോട്ടയത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലും,തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വന്‍ഭൂരിപക്ഷത്തിലും ജയിക്കും. ജനപക്ഷം പാര്‍ട്ടിയുടെ വോട്ടുകള്‍ കൊണ്ടായിരിക്കും കുമ്മനം വിജയിച്ച് പാര്‍ലമെന്റിലെത്തുക. തങ്ങളുടെ പ്രവര്‍ത്തകര്‍ അതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഇടതുമുന്നണിക്ക് തിരുവനന്തപുരത്ത് കെട്ടിവെച്ച കാശ് പോലും കിട്ടില്ല തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പാണെന്നും തൃശൂര്‍ പാര്‍ട്ടി സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സുരേഷ് ഗോപി ജയിക്കും എന്നാണ് അവിടെ നിന്നും ലഭിച്ച വിവരമെന്നും പിസി ജോര്‍ജ് പറയുന്നു.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തോടെ കോട്ടയത്ത് ദുഖഭരിതമായ അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടു. എന്നാൽ അത് നടക്കില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പിസി തോമസ് തന്നെ കോട്ടയത്ത് വിജയിക്കും. ഈ നാല് സീറ്റുകളില്‍ വിജയം ഉറപ്പാണ്. ബാക്കിയുളള 16 സീറ്റുകളില്‍ തങ്ങളാല്‍ കഴിയുന്ന വിധം പ്രചാരണം നടത്തുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം എന്‍ഡിഎ ഭരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജ് ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, ബിജെപി അഖിലേന്ത്യാ സെക്രട്ടറി സത്യകുമാര്‍ എന്നിവരും ജനപക്ഷം സെക്കുലര്‍ നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.ജനപക്ഷത്തിനൊപ്പം കാമരാജ് കോണ്‍ഗ്രസ്, ശിവസേന, എഐഎഡിഎംകെ, ജെഡിയു, ഡിഎല്‍പി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ബിജെപി മുന്നണിയില്‍ ചേര്‍ന്നു.
Post Your Comments