കൊല്ലം : കൊല്ലത്തെ ഞെട്ടിച്ച കള്ളനോട്ടടി കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സീരിയൽ നടിയും അമ്മയും സഹോദരിയും പ്രതികളായ കള്ളനോട്ട് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കട്ടപ്പന പോലീസ് ചാർജ് ചെയ്‌ത കേസിൽ 14 പ്രതികളാണുള്ളത്. ഇതിൽ ഒളിവിൽ കഴിയുന്ന ഒരാളൊഴികെ 13 പേരാണ് അറസ്‌റ്റിലായത്. കട്ടപ്പന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
2018 ൽ ജൂലായിലാണ് കൊല്ലം മുളങ്കാടകം വനിത ഐ.ടി.ഐക്ക് സമീപം ഉഷസിൽ രമാദേവി (56), മൂത്തമകളും സീരിയൽ നടിയുമായ സൂര്യ (36), ഇളയ മകൾ ശ്രുതി (29) എന്നിവരെ പോലീസ് അറസ് ചെയ്‌തത്. കട്ടപ്പനയിൽ തോട്ടം മേഖലയിൽ കടകളിൽ നിന്ന് നിസാര സാധനങ്ങൾ വാങ്ങി വലിയ നോട്ടുകൾ മാറ്റിയ ചിലരെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു യുവാവ് കുടുങ്ങിയതോടെയാണ് സീരിയൽ നടിയുടെയും കുടുംബത്തിന്റെയും കള്ളനോട്ടടി പുറത്തറിയുന്നത്.
കൊല്ലത്ത് രമാദേവിയുടെ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളക്കമ്മട്ടം സ്ഥാപിച്ചിരുന്നത്. വിപണിയിൽ വിതരണത്തിന് തയ്യാറാക്കി വച്ചിരുന്ന 57 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ അന്ന് പോലീസ് പിടിച്ചെടുത്തു. പ്രതിപട്ടികയിലുള്ള ഒരു സ്വാമിയുടെ നിർദേശ പ്രകാരമായിരുന്നു കള്ളനോട്ടടിയിലേക്ക് ഇവർ തിരിഞ്ഞത്. പ്രയത്നമില്ലാതെ സമ്പന്നരാകാൻ സ്വാമിയുടെ കാർമ്മികത്വത്തിൽ പൂജകളും ആഭിചാരങ്ങളും നടത്തിയെങ്കിലും ധനം വന്നുചേർന്നില്ല. തുടർന്നാണ് പണക്കാരാകാനുള്ള കുറുക്കുവഴി എന്ന നിലയിൽ കള്ളനോട്ടിലേക്ക് തിരിയാൻ സ്വാമി നിർദേശിച്ചത്. കേസിൽ ഗിരീഷ് എന്ന പ്രതി മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്. കേസിൽ ആഴ്‌ചകളോളം റിമാൻഡിലായ പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനിടെ അമ്മയും മക്കളും ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു
Post Your Comments