KeralaNews

ബൃന്ദാ കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ മുനീര്‍

 

കൊച്ചി: മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയല്ലെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി എം.കെ മുനീര്‍. യോഗിയില്‍ നിന്നും ബൃന്ദ കാരാട്ടിലേക്ക് തീരെ അകലമില്ലെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് മുനീര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ മാക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഘപരിവാര്‍ ഉന്നയിക്കുന്ന സമാന ആരോപണങ്ങള്‍ തന്നെയാണ് കൈമുതലായുള്ളത്. ഇരുവരും തമ്മില്‍ വ്യത്യാസങ്ങളില്ലാതെയാവുകയാണെന്നും മുനീര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

എല്‍.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചവരാണ്. എന്നാല്‍ യു.ഡി.എഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അത് വര്‍ഗീയമായി മാറ്റുകയാണെന്നും മുനീര്‍ ചൂണ്ടിക്കാണിക്കുന്നു. എസ്.ഡി.പി.ഐയും സിപിഎമ്മും തമ്മില്‍ ഇപ്പോഴും ബന്ധങ്ങള്‍ തുടരുന്നുണ്ട്. ഇന്നും പറപ്പൂരില്‍ അവര്‍ ഒരുമിച്ചാണ് ഭരിക്കുന്നത്. എന്നാല്‍ എസ് ഡി പി ഐ യുടെ വോട്ട് വേണ്ടെന്ന് ധൈര്യസമേതം പറഞ്ഞ പാര്‍ട്ടി മുസ്ലിം ലീഗ് മാത്രമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ബൃന്ദ കാരാട്ട് പറയുന്നത്, മുസ്ലിം ലീഗ് ഒരു മതേതര പ്രസ്ഥാനമല്ലെന്നാണ്. ആദിത്യ യോഗിയും ഇതു തന്നെയാണ് പറഞ്ഞത്. യോഗിയില്‍ നിന്നും ബൃന്ദ കാരാട്ടിലേക്ക് തീരെ അകലമില്ലെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു.ഇവിടെ യോഗിയുടെ ഭാഷ തന്നെയാണ് കേരളത്തിലെ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സംസാരിച്ചുകൊണ്ടിരിക്കുന്നത്.

യു ഡി എഫ്, എസ്ഡിപിഐ പോലുള്ള മതമൗലിക പ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോള്‍ സി പി എം കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടിയേരി ബാലകൃഷ്ണന് വേണ്ടി തലശ്ശേരിയില്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചവരാണ് എസ് ഡി പി ഐ. അവരുടെ മുഖപത്രമായ തേജസ്സിലാണ് അന്ന് കൊടിയേരി ബാലകൃഷ്ണനെ വിജയിപ്പിക്കണമെന്ന് പരസ്യം വന്നത്. എന്‍ ഡി എഫ് മുഖപത്രത്തില്‍ എങ്ങനെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന പരസ്യം വരുന്നത് ശേഷവും നിരവധി ബന്ധങ്ങള്‍ എസ് ഡി പി ഐയുമായി സി പി എമ്മിനുണ്ടായിട്ടുണ്ട്. ഇന്നും പറപ്പൂരില്‍ അവര്‍ ഒരുമിച്ചാണ് ഭരിക്കുന്നത്. എന്നാല്‍ എസ് ഡി പി ഐ യുടെ വോട്ട് വേണ്ടെന്ന് ധൈര്യസമേതം പറഞ്ഞ പാര്‍ട്ടി മുസ്ലിം ലീഗ് മാത്രമാണ്. മുസ്ലിം ലീഗിന്റെ പ്രസിഡന്റായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും നേരത്തെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും ബഷീര്‍ സാഹിബും ഞങ്ങളെല്ലാവരും തന്നെ ആ ഒരു പ്രസ്ഥാനത്തോടെടുത്ത രാഷ്ട്രീയ സമീപനം കേരളം കണ്ടതാണ്.

എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടിയെ കുറിച്ചാണ് പറയുന്നതെങ്കില്‍,ഇത്തവണ ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണക്കുക എന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. വികലമായ നയങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു സംസ്ഥാന ഭരണകൂടം, അത് പോലെ ഫാഷിസം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കേന്ദ്ര രാഷ്ട്രീയ പരിതസ്ഥിതി, ഈയൊരു സാഹചര്യത്തില്‍ അത്തരമൊരു രാഷ്ട്രീയ തീരുമാനമെടുക്കാന്‍ അവര്‍ക്കെന്നല്ല, എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതവര്‍ നിര്‍വ്വഹിച്ചു. അതല്ലാതെ പിന്തുണയഭ്യര്‍ത്ഥിച്ച് യു ഡി എഫ് പിറകെ പോയതോ അല്ലെങ്കില്‍ മുന്നണിക്കകത്തേക്ക് വെല്‍ഫയര്‍ പാര്‍ട്ടിയെ ഉള്‍പ്പെടുത്തിയതോ അല്ല. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലൊക്കെയും വെല്‍ഫയര്‍ പിന്തുണച്ചത് എല്‍ഡിഎഫിനെയായിരുന്നു. അന്ന് പരസ്യ പിന്തുണ എല്‍ ഡി എഫിന് നല്‍കിയപ്പോള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയും അതിന്റെ നേതാക്കളും എന്ത് കൊണ്ട് വെല്‍ഫയറിനെതിരെ സംസാരിച്ചില്ല. അപ്പോള്‍ എല്‍ ഡി എഫിനെ പിന്തുണച്ചാല്‍ എല്ലാവരും മതേതരര്‍, ഐക്യജനാധിപത്യ മുന്നണിയെ പിന്തുണച്ചാല്‍ മൗലികവാദികള്‍. ഇതിന്റെ പിറകിലെ ലോജിക്ക് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button