തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ രമേശ് ചെന്നിത്തലയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താങ്കള്‍ക്ക് നിര്‍ബാധം അസത്യം പറയാം, എനിക്ക് സത്യം പറയാന്‍ പാടില്ല എന്നു വാശിപിടിക്കരുത് എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തോമസ് ഐസക് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നെക്കുറിച്ച് ഒരു വലിയ പരാതി തെരഞ്ഞെടുപ്പു കമ്മിഷനു നൽകിയത്രേ. കിഫ്ബി ഫണ്ടിൻ്റെ അലോട്ടുമെന്റും വിവിധ മണ്ഡലങ്ങൾക്കുള്ള സ്കീമുകളും ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരത്തുന്നത് വോട്ടർമാരുടെ പിന്തുണയഭ്യർത്ഥിക്കാനാണത്രേ.
സർ, ഇങ്ങനെ ബേജാറാകല്ലെ. കിഫ്ബി ഉഡായിപ്പാണെന്നാണല്ലോ പ്രചരിപ്പിക്കുന്നത് . അതങ്ങനെയല്ലെന്ന് താങ്കൾക്ക് അറിയാം. അറിഞ്ഞുകൊണ്ട് നടത്തുന്ന ഒരു നുണ പ്രചരണത്തിന്റെ സത്യാവസ്ഥ ജനങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഇതിനകം കിഫ്ബി അംഗീകരിച്ച മൂന്നു തീരസംരക്ഷണ പദ്ധതികൾ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. കിഫ്ബി പ്രകാരം പണി തുടങ്ങിയ ഇലഞ്ഞിമേൽ ഹരിപ്പാട് റോഡും. കിഫ്ബിയിൽ നിന്ന് അഞ്ചു കോടിയും മൂന്നുകോടിയും ലഭിച്ച സ്കൂളുകളും വേറെ.
എന്നിട്ടാണല്ലോ കിഫ്ബി ഉഡായിപ്പാണെന്ന പ്രചരണവുമായി ഒച്ചപ്പാടുണ്ടാക്കുന്നത്. സ്വാഭാവികമായും ഇതുവരെ അംഗീകരിച്ചതും പണി ആരംഭിച്ചതുമായ കിഫ്ബി പദ്ധതികളെക്കുറിച്ച് ജനങ്ങളെ ധരിപ്പിക്കാൻ എനിക്കുത്തരവാദിത്തമുണ്ട്. ആ പണി ഞാൻ ചെയ്യുമ്പോൾ ഇങ്ങനെ പരാതിയുമായി ഇറങ്ങിയാലോ. ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കേണ്ടേ? താങ്കൾക്ക് നിർബാധം അസത്യം പറയാം, എനിക്ക് സത്യം പറയാൻ പാടില്ല എന്നു വാശിപിടിക്കല്ലേ. ജനങ്ങൾ സത്യം മനസിലാക്കുമ്പോൾ എന്തു സംഭവിക്കുമെന്ന് നല്ല വേവലാതിയുണ്ടല്ലേ.
യഥാർത്ഥത്തിൽ പരാതിയിൽ എഴുതിയ വാചകം തന്നെ ബൂമറാങ്ങാണ്. ആ വാചകം ഞാനുദ്ധരിക്കാം. The finance Minister of Kerala, Dr Thomas Isaac is spreading information regarding the allotment of KIIFB funds and varies schemes in different constituencies through his facebook account for wooing voters എന്നാണ് ആ വാചകം. അപ്പോ കിഫ്ബിയിൽ ഫണ്ടും പദ്ധതികളുമുണ്ടെന്നും അത് സംസ്ഥാനത്തെമ്പാടും അനുവദിക്കപ്പെട്ടിരിക്കുന്നൂവെന്നും താങ്കൾക്ക് അറിയാം. എന്നിട്ടാണല്ലേ, കിഫ്ബി ഉഡായിപ്പാണെന്ന് പത്രസമ്മേളനങ്ങളിലും ഫേസ് ബുക്കിലുമൊക്കെ തട്ടിവിടുന്നത്. നടക്കുമെന്നുറപ്പുള്ള പദ്ധതികളുടെ പട്ടിക നിരത്തിയാലല്ലേ ജനം പിന്തുണയ്ക്കൂ. നടക്കാത്ത പദ്ധതികളുടെ പട്ടിക കണ്ടാൽ ജനം എതിർക്കുകയല്ലേ ചെയ്യുക. ഈ പട്ടിക കണ്ടാൽ ജനം ഞങ്ങളെ പിന്തുണയ്ക്കും. കിഫ്ബി വഴി അതൊക്കെ നടക്കുമെന്ന് നല്ല ഉറപ്പുള്ളതുകൊണ്ടാണല്ലോ ആ ഭയം.
കിഫ്ബിയിൽ ഫണ്ട് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും, ഉഡായിപ്പെന്നു പ്രചരിപ്പിച്ചത് മോശമല്ലേ സർ. അതിന് സ്വന്തം ഫേസ് ബുക്ക് അക്കൌണ്ട് നിരന്തരം അങ്ങുപയോഗിച്ചു. അങ്ങു ഫേസ്ബുക്കിലൂടെ വ്യാജപ്രചരണം നടത്തി, ഞാൻ ഫേസ്ബുക്കിലൂടെ അതിന്റെ സത്യാവസ്ഥ വിശദമായി ജനങ്ങളോടു പറഞ്ഞു. അതല്ലേ നടന്നത്. അങ്ങ് ഫേസ്ബുക്കിലൂടെ അസത്യപ്രചരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഞങ്ങൾ ഇലക്ഷൻ കമ്മിഷനോടു പരാതിപ്പെട്ടില്ലല്ലോ. പകരം നിങ്ങളുടെ പ്രചരണത്തിൻ്റെ സത്യാവസ്ഥ ഫേസ്ബുക്കിലൂടെത്തന്നെ ഞാൻ ജനങ്ങളോടു പറഞ്ഞു. എൻ്റെ വാക്കുകൾക്കാണ് വിശ്വാസ്യത എന്നു നിങ്ങൾക്കുപോലും ഉറപ്പുണ്ട്. അതുകൊണ്ടാണല്ലോ, ഫേസ്ബുക്കിൽ ഞാൻ സത്യമെഴുതുമ്പോൾ ജനം ഞങ്ങളെ പിന്തുണയ്ക്കുമെന്ന് ഭയക്കുന്നത്. ആ ഭയത്തിൽ നിന്ന് രക്ഷപെടാനാണല്ലോ ഇലക്ഷൻ കമ്മിഷന്റെ സമക്ഷത്തിലേയ്ക്ക് പരാതിയുമായി ഓടിയത്.
സത്യത്തിൽ ഈ പരാതിയിലൂടെ പരാജയം സമ്മതിക്കുകയാണ് താങ്കൾ. ഫേസ് ബുക്കിലൂടെ ഓരോ മണ്ഡലത്തിലെയും സ്കൂളുകളും റോഡുകളും പാലങ്ങളും ഫ്ലൈഓവറുകളും കുടിവെള്ളപദ്ധതിയും റെയിൽവേ മേൽപ്പാലവും ട്രാൻസ്ഗ്രിഡ് പ്രവൃത്തിയുമെല്ലാം വിശദമായി വിവരിച്ചിരുന്നു. കിഫ്ബി പദ്ധതികൾ ആകാശകുസുമങ്ങളല്ലെന്ന് ജനങ്ങൾക്ക് ബോധ്യമാകുന്നുണ്ട്. ഉദാഹരണത്തിന് കിഫ്ബിയുടെ അഞ്ചു കോടി ഉപയോഗിച്ച് ഹരിപ്പാട് ഗവ. സ്കൂളിൽ പണി നടക്കുന്നത് ആ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും നാട്ടുകാർക്കും കാണാമല്ലോ. ആ സ്കൂളിനു മുന്നിൽ ചെന്നുനിന്ന് കിഫ്ബി ആകാശകുസുമമാണെന്നു പ്രസംഗിക്കാൻ അങ്ങേയ്ക്ക് കഴിയുമോ? അതുപോലെ കിഫ്ബിയിൽ നിന്ന് 16 കോടി ചെലവിൽ പണി നടക്കുന്ന ഇലഞ്ഞിക്കൽ – ഹരിപ്പാട് റോഡ്. ആ റോഡിനു സമീപം മൈക്കുകെട്ടി കിഫ്ബി ദിവാസ്വപ്നമാണെന്ന് പ്രസംഗിക്കാൻ പറ്റുമോ, പ്രതിപക്ഷ നേതാവിന്.
സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റു വഴിയുള്ള പ്രചരണമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിട്ടുള്ളത്. ഞാനുപയോഗിക്കുന്നത് എൻ്റെ ഫേസ്ബുക്ക് പേജാണ്. മന്ത്രിയാകുന്നതിനുമുമ്പേ ആ അക്കൗണ്ട് നിലവിലുണ്ട്. ഞാൻകൂടി ഭാഗമായ സർക്കാരിൻ്റെ നേട്ടങ്ങൾ എൻ്റെ സ്വകാര്യ പേജിൽ എഴുതുന്നതിന് യാതൊരു വിലക്കുമില്ല. പ്രതിപക്ഷ നേതൃപദവി ഉന്നതമായ സ്ഥാനമല്ലേ? വിമർശനങ്ങളും മറ്റും വസ്തുതാപരമാകേണ്ടേ?
Post Your Comments