വാഷിങ്ടണ്‍: വ്യോമാതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ച പാകിസ്ഥാന് എഫ്-16 വിമാനം തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദത്തെ തള്ളി അമേരിക്ക. യു.എസ് വിദേശ നയതന്ത്ര മാഗസിനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എഫ്-16 വിമാനങ്ങള്‍ നിര്‍മ്മിച്ചത് അമേരിക്കയാണ്. തങ്ങള്‍ നല്കിയ എഫ്-16 വിമാനങ്ങളില്‍ ഒരെണ്ണം പോലും പാകിസ്ഥാന് നഷ്ടമായിട്ടില്ലെന്ന് മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് തീവ്രവാദ ഗ്രൂപ്പിന്റെ താവളം ഇന്ത്യ ആക്രമിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തിയത്.
എട്ട് എഫ്-16 പോര്‍വിമാനങ്ങള്‍, നാല് ജെഎഫ്-17, നാല് മിറാഷ്-5 എന്നീ പാക് പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്. ഇതില്‍ 3 എഫ്-16 പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു. ഇവ രജൗരി ജില്ലയില്‍ നാലിടത്ത് ബോംബിടുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ഇന്ത്യയുടെ മിഗ് 21 ബൈസണ്‍ വിമാനങ്ങള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇവ പിന്തിരിഞ്ഞു. ഇവയെ പിന്തുടര്ന്ന് മിഗ് ഫൈറ്റര്‍ ജെറ്റ് ഒരു എഫ്-16 വിമാനം തകര്‍ത്തുവെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ അവകാശവാദം പൂര്‍ണമായും തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
Post Your Comments