തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള രഹസ്യധാരണയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. രാഹുല്‍ വയനാട് മത്സരിക്കുന്നതിലെ ധാരണ എന്താണെന്ന് ഇരുപാര്‍ട്ടികളും തുറന്നുപറയണം. ജയിച്ച് പാര്‍ലമെന്റിലെത്തണമെങ്കില്‍ ലീഗിന് പുറമെ സിപിഎമ്മിന്റെ വോട്ടും വേണമെന്നതിനാലാണ് രാഹുല്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സിപിഎമ്മിന്റെകൂടി സ്ഥാനാര്‍ത്ഥിയായാണ് രാഹുല്‍ മത്സരിക്കുന്നത്. ദേശീയ അധ്യക്ഷന് സിപിഎമ്മിനെതിരെ പറയാന്‍ സാധിക്കാത്തിടത്ത് എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിനും മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും കഴിയുന്നത്. മറ്റ് 19 മണ്ഡലങ്ങളിലെയും നിലപാട് ഇതുതന്നെയാണോയെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. ഈ സ്ഥാനാര്‍ത്ഥികളും രാഹുലിന്റെ മാതൃക പിന്തുടര്‍ന്ന് സിപിഎമ്മിനെ പിന്തുണക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ ഷുക്കൂറിന്റെയും ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബങ്ങളോട് കൊടുംചതിയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇവരോട് എങ്ങനെയാണ് കോണ്‍ഗ്രസ്സിന് നീതി പുലര്‍ത്താന്‍ സാധിക്കുന്നത്. കുടുംബാംഗങ്ങളോട് എന്ത് മറുപടിയാണ് പാര്‍ട്ടിക്ക് പറയാനുള്ളത്. ഇവരെ വയനാട്ടിലേക്ക് കൊണ്ടുപോകാന്‍ ചെന്നിത്തലക്ക് ധൈര്യമുണ്ടോ. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെയും ദുര്‍ഭരണത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു മുന്നണി എന്‍ഡിഎയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസിലാക്കണം. എന്‍ഡിഎയുമായാണ് മത്സരമെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന്റെ വാക്കുകള്‍. ധാരണയുണ്ടെന്ന് രാഹുല്‍ തന്നെ പറയാതെ പറഞ്ഞതിലൂടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരം അപ്രസക്തമായി. ജനാധിപത്യത്തെയും ജനങ്ങളെയും പരിഹസിക്കുന്ന സൗഹൃദമത്സരം അവസാനിപ്പിക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറാകണം.
അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ലീഗിന്റെ വോട്ട് കണ്ടാണ് രാഹുല്‍ വയനാട് വരുന്നത്. മുസ്ലിം ലീഗിനെ ചത്ത കുതിരയെന്ന് വിളിച്ചത് രാഹുലിന്റെ മുത്തഛന്‍ നെഹ്‌റുവാണ്. വിഭജനത്തിന് കാരണമായിട്ടുള്ള മുസ്ലിം ലീഗിന്റെ പതാക സ്വതന്ത്ര ഇന്ത്യയില്‍ പാറുന്നത് അപമാനമാണെന്നാണ് സര്‍ദ്ദാര്‍ പട്ടേല്‍ പറഞ്ഞത്. ലീഗ് അംഗത്വം രാജിവെച്ചാല്‍ മാത്രമേ സീതിഹാജി സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യാന്‍ പാടുള്ളൂവെന്ന് നിലപാടെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സി.കെ. ഗോവിന്ദന്‍ നായരാണ്. ഈ നിലപാടുകളോട് രാഹുല്‍ യോജിക്കുന്നുണ്ടോ. രാജ്യവിഭജനത്തിലേക്ക് നയിച്ച ലീഗിന്റെ പാരമ്പര്യത്തെ അംഗീകരിക്കുന്നുണ്ടോയെന്നും പച്ചപ്പതാക പുതക്കുന്നതിന് മുന്‍പ് രാഹുല്‍ വ്യക്തമാക്കണമെന്നും എം.ടി. രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments