തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ സ്ഥാനാർഥിയായ രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെയുള്ള പരാതി ഐജിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപിക്ക് പരാതി കൈമാറിയത്. തിരൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
സംഭവത്തിൽ രമ്യ ഇന്നലെ പരാതി നൽകിയിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യ പരാതി നല്‍കിയത്. തനിക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായാണ് പരാമര്‍ശമെന്ന് രമ്യ ഹരിദാസ് പരാതി സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിവിധയിടങ്ങളില്‍ തനിക്കെതിരെ എല്‍ഡിഎഫിന്‍റെ ഭാഗത്ത് നിന്നും സമാനമായ രീതിയിലുള്ള പരാമര്‍ശമാണ് ഉയര്‍ന്നുവരുന്നത്. ഇത് അബദ്ധവശാല്‍ ഉണ്ടായിട്ടുള്ള ഒരു പരാമര്‍ശമല്ല. തനിക്കെതിരെ ആസൂത്രിതമായി നടക്കുന്ന നീക്കത്തിന്‍റെ ഭാഗമാണിത്. ഖേദപ്രകടനം നടത്തിയാല്‍ തീരുന്ന ഒരു പ്രശ്നമല്ല ഇതെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് രമ്യ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
എന്നാല്‍ രമ്യാ ഹരിദാസിനെതിരെയുള്ള തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്തേക്ക് കൂടുതൽ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. മാധ്യമങ്ങൾ വ്യാഖ്യാനിച്ച രീതിയിലല്ല തന്റെ പ്രസ്താവനയെന്നും വിജയരാഘവൻ പറഞ്ഞു
Post Your Comments