മുട്ടോളം എത്തുന്ന മുടി നീളത്തിൽ
മെടഞ്ഞിട്ട് മുല്ല പൂ ചാർത്തി തുടുത്ത
കവിളുകളും ചുവന്ന ചുണ്ടുകളിൽ
വശ്യത്യയാർന്ന ചിരിയും തൂകി,
വാലിട്ട് എഴുതിയ പേട മാൻ മിഴികളിൽ
പരിഭവവും ഒളിപ്പിച്ചു ലാസ്യത്തോടെ നടന്ന്
വരുന്ന സ്ത്രീയഴകിനെ മോഹിക്കാത്തവർ
ആരുണ്ട്. ആ വശ്യതയിൽ അലിഞ്ഞു ഇല്ലാതാകാൻ കൊതിക്കാത്തവർ ആരുണ്ട്.
പക്ഷെ മീനം പത്ത് മുതൽ രണ്ടു രാത്രികളിൽ
കൊല്ലം ചവറ കൊറ്റൻ കുളങ്ങര ക്ഷേത്രത്തിലും
പരിസരത്തും എത്തുമ്പോൾ
പുരുഷ മനസ്സുകളെ അടക്കാൻ പഠിക്കണം,
കാരണം സ്ത്രീ സൗന്ദര്യങ്ങളെയാകെ
വെല്ലു വിളിച്ചു കൊണ്ടു പുരുഷാംഗനമാർ
ഉടുത്തൊരുങ്ങിയിറങ്ങും.
ഭംഗിയായി ഞൊറിയിട്ട് ഉടുത്ത പട്ടു സാരികളിൽ പൊതിഞ്ഞു സ്ത്രീ ഉടലുകളെയും
തോൽപ്പിക്കുന്ന രീതിയിൽ മോഹിനിമാരും വിഷ്ണു മായമാരും കാവ് വലം വയ്ക്കും.ആ സൗന്ദര്യധാമങ്ങളെ കണ്ടു. കണ്ണിമ വെട്ടാതെ നോക്കി നിൽക്കാത്തവർ ഉണ്ടാകില്ല.ഭക്തിയും ആചാരവും ഇഴ ചേർന്നു സ്വയം ഭൂവായ വന ദുർഗയിൽ അർപ്പിക്കുന്നതാണ് ഈ പുണ്യ നിമിഷങ്ങൾ.ആൽ തറ മുതൽ ആറാട്ട് കുളം വരെ ഇരുവശങ്ങളിലായി വിളക്കേന്തി നിൽക്കുന്ന പുരുഷാഗംനമാരെ കണ്ടാൽ കാഴ്ചക്കാർക്ക് മനസ്സിനെ യാഥാർഥ്യത്തിലേയ്ക്ക് എത്തിക്കാൻ നന്നേ പണിപ്പെടും.സ്ത്രീ സൗന്ദര്യത്തിന്റെ ഭ്രമിപ്പിക്കുന്ന മായകാഴ്ചകൾ തന്നെയാണ് പൂത്തു വിടർന്നു പരിലസിക്കുന്നത്.
ഒരു പുരുഷൻ സ്ത്രീ വേഷത്തിലേയ്ക്ക് ഭാവം പകരുന്നതോടൊപ്പം എങ്ങോ നിന്നൊരു സ്ത്രീത്വം അറിയാതെ അവനിൽ ഉടലെടുക്കും.സാരി ഒന്നു ഊർന്നു പോയാലോ സ്ഥാനം തെറ്റിയാലോ തെല്ല് നാണത്തോടെ പൂർവ്വ സ്ഥിതിലേയ്ക്ക് വലിച്ചിടും.അതിരു കടന്ന നോട്ടങ്ങളെയും വാക്കുകളെയും ഒരു സ്ത്രീയുടെ സഹനത്തോടെ അവൻ അവഗണിക്കുന്നത് കാണാം.ഒരു ദിവസമെങ്കിലും സ്ത്രീയോട് അവൻ ഐക്യപ്പെടുന്നു,’അമ്മ ഭാര്യ സഹോദരി തുടങ്ങി തന്നോട് ചുറ്റി പറ്റി നിൽക്കുന്ന സ്ത്രീ ജീവിതങ്ങളെ തന്നിലേക്ക് ആവാഹിക്കുന്നതായിരിക്കും,ആദരവ് ഭക്തിയുടെ നിറവിൽ അറിയിക്കുന്നതാകാം.
കൊറ്റൻ കുളങ്ങര ലോകത്തിനാകെ ഒരു മാതൃകയാണ്,സ്ത്രീത്വം ഉള്ളിലൊളിപ്പിച്ചു പുരുഷന്റെ മൂടുപടം അണിഞ്ഞു സമൂഹത്തോട് പെരുമാറേണ്ട ചില ജീവിതങ്ങളുണ്ട്.അതവരുടെ മാനസികാവസ്ഥയാണ്,അതിനോട് സമരസപ്പെടാൻ പലപ്പോഴും സമൂഹം തയ്യാറാകില്ല.ഇത് പോലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും അവർക്ക് കൂടി ഉള്ളതാണ്,ഒരു പക്ഷെ അവരുടേത് മാത്രവും ആയിരിക്കണം..ഒരു ദിവസമെങ്കിലും തന്റെ സ്വത്വത്തോട് നീതി പുലർത്തി അവരിവിടെ രാവുകൾ പകലാക്കുന്നു .
സ്വാതികഭാവത്തിലുള്ള സ്വയംഭൂവായ വനദുര്‍ഗ്ഗയുടെ പുണ്ണ്യപുരാതന ക്ഷേത്രമാണ് കൊല്ലം ചവറ ശ്രീ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം..നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ദിവ്യ ശിലക്ക് ചുറ്റും കുരുത്തോല കെട്ടി ഗോപാലബാലന്മാര്‍ നാണം കുണുങ്ങികളെ പോലെ വെള്ളക്കതോടില്‍ വിളക്ക് വെച്ചതിന്‍റെ ഐതിഹ്യ പെരുമയായാണ് ഈ ആഘോഷം.നാളീകേരം ഉടച്ചു തേങ്ങാപ്പാൽ പിഴിഞ്ഞടുത്ത ‘കൊറ്റൻ’ ആണ് പ്രധാന വഴിപാട്. അഭീഷ്ടസിദ്ധിക്കായാണ് പുരുഷന്മാർ സ്ത്രീ ലാവണ്യം പൂകി വ്രത ശുദ്ധിയോടെ ചമയ വിളക്ക് എടുക്കുന്നത്.പുലർച്ചെ ദേവി ജീവിതയിൽ എഴുന്നെള്ളി റോഡിനിരുവശവും ക്ഷേത്രത്തിലും നിൽക്കുന്ന ഭക്തരെ അനുഗ്രഹിച്ചു ക്ഷേത്രത്തിലേക്ക് മടങ്ങിയ ശേഷം ഈ സ്ത്രീകൾ ക്ഷേത്രത്തിലേക്കു ഒഴുകിയെത്തി തൊഴുതു മടങ്ങും.
താത്കാലികമായി ഒരുങ്ങുന്ന ടെന്റുകളിൽ അണിഞ്ഞൊരുങ്ങി ഇറങ്ങുന്നവരെ കണ്ടാൽ കൂടെ വന്നവർ അതിശയപ്പെടുന്നത് കാണാം.ബൈക്കുകളിലും കാറുകളിലും ആയി നൂറു കണക്കിന് പുരുഷഅംഗനമാർ കൊല്ലം ചവറ ഹൈവേ കളിൽ നിറഞ്ഞു ഒഴുകുന്നത് വിസ്മയം തന്നെയാണ്.താത്കാലിക ഫോട്ടോ സ്റ്റുഡിയോകളും ചമയങ്ങളും കച്ചവട സാധ്യതയും ഉപജീവനവും ഉറപ്പിക്കുന്നുണ്ട്.
ഭാരത സംസ്കാരത്തിലെ വൈവിധ്യതകൾ നിറഞ്ഞ ഉത്സവങ്ങളിൽ സമാനതകൾ ഇല്ലാത്ത ഈ ആഘോഷം ഒരിക്കൽ എങ്കിലും നിങ്ങൾ കണ്ടിരിക്കേണ്ടതാണ്.സ്ത്രീ സൗന്ദര്യത്തെ ആരാധിക്കാനും ഒരിടം ഒരുക്കി നാം സ്ത്രീ മഹത്വത്തെ ലോകത്തോട് വിളിച്ചു പറയുന്നു. ചെങ്ങന്നൂരിൽ ദേവിയുടെ ആർത്തവത്തെ തൃപൂത്ത് ചടങ് പോലെ ആചരിക്കുന്നതോടൊപ്പം ഇതും സ്ഥാനം പിടിക്കുന്നു.
പൂര പറമ്പിലെ തീ വെട്ടി പ്രഭയിൽ പട്ട് ഉടയാടാകളിൽ അലംകൃതമായി പരിലസിച്ചു നിൽക്കുന്ന മായാ മോഹിനികളുടെ ലാവണ്യത്തിൽ നിറം മങ്ങി നിൽക്കുന്ന ഒരു കൂട്ടർ ഉണ്ട് അന്നവിടെ. തെല്ല് അസൂയയോടെയും പരിഭാവത്തോടെയും നിൽക്കുന്ന പാവം യഥാർത്ഥ “പെണ് കൊടികൾ”
അന്നവരോട് വനദുർഗയ്ക്കും സഹതാപം തോന്നുന്നുണ്ടാകും.
ഫോട്ടോ കടപ്പാട്:ഫേസ്‌ബുക്ക് ഗ്രൂപ്പുകൾ
വിനോദ് കാർത്തിക
Post Your Comments