“സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം പ്രവാചകഃ ബലദേവാനന്ദസാഗരഃ”
കാവിൽ വിളക്ക് കൊളുത്തി വരുമ്പോഴേക്കും 8 മണിക്ക് സംസ്കൃത വാർത്തകൾ ബല ദേവാനന്ദ സാഗര ഇതു പോലെ വായിച്ചു തുടങ്ങിയിട്ടുണ്ടാകും. ഇത് ഏറെക്കുറെ അനുകരിച്ചു പറഞ്ഞു കൊണ്ട് സംസ്കൃത വാർത്ത തീരുമ്പോഴേക്കും ടൂഷൻ സെന്ററിൽ ഓടി എത്തിയിരിക്കും നമ്മളിൽ പലരും.
വല്യ മരുന്നു കുപ്പിയുടെ അടപ്പ് പോലെയുള്ള വൃത്തത്തിൽ കറക്കുമ്പോൾ ഇരമ്പലോടെ മാറി മറിഞ്ഞു വന്നിരുന്ന റേഡിയോ സ്റ്റേഷനുകൾ. കുട്ടിക്കാലത്ത് ആദ്യമായി പലരും ഒരു അന്യഭാഷ അത്ഭുതത്തോടെ കേട്ടത് ആ റേഡിയോയിൽ നിന്നായിരിക്കും .ഒരു ശ്രവ്യ പരിധിക്കുള്ളിൽ കാലവും ജീവിതവും അതി ജീവനവും ഒക്കെ ശബ്ദത്തിന്റെ ഏറ്റകുറച്ചിലുകളിലൂടെ വരച്ചു കാട്ടി തന്നിരുന്നു.
പഴയ കാലഘട്ടങ്ങളിൽ ഏറ്റവും പ്രചാരമുള്ള വിനോദപാധി റേഡിയോകൾ ആയിരുന്നു,ഏറെക്കുറെ അത്ഭുതവും. രാവിലെ പ്രഭാത കീർത്തനങ്ങൾ
കൊണ്ട് മനസ്സുകളെ ഊർജ്ജസ്വലമാക്കിയ ആകാശവാണി ജീവിതത്തിന്റെ ഭാഗമായിരുന്നു,താളമായിരുന്നു, സമയ ക്രമമായിരുന്നു.
ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം നിറഞ്ഞ വിജനമായ കൈത്തറി സഹകരണ കടന്നു കാവിന്റെ അരിക് പറ്റി രാവിലെ കുളക്കടവിലെയ്ക്ക് നടന്നെത്തുമ്പോൾ സമീപത്തെ വീടുകളിലെ റേഡിയോയിൽ നിന്നും സംഗീത പഠന ക്ലാസ്സുകൾ ഉയർന്നു തുടങ്ങീട്ടുണ്ടാകും.മാഷിന്റെ ഈണത്തിൽ ചൊല്ലിയെത്തുന്ന കുട്ടികൾക്ക് ഒപ്പം നിങ്ങളും നാലുപാടും നോക്കി ആരും കേൾക്കാതെ പാടിയിട്ടുണ്ടാകും
ഗ്രാമങ്ങളിൽ ചായക്കടകളിലെ എണ്ണ മെഴുക്ക് പിടിച്ചപലഹാര പെട്ടികളുടെ മുകളിൽ തുകൽ ഉറയിട്ട് ഗമയോടെ ഉണ്ടാകും റേഡിയോ..കത്തിലൂടെ ‘നിങ്ങളാവശ്യപ്പെട്ടത്’ എന്ന ഇഷ്ടഗാനങ്ങൾക്ക് ഒപ്പം ഒരു തലമുറ പീടികയിലെ ചായ്‌പിലിരുന്നു വശം ചരിഞ്ഞ പഴയ ബെഞ്ചുകളിലും പകുതിയൊഴിഞ്ഞ ചായ ഗ്ളാസ്സുകളിലും താളം പിടിച്ചിരുന്നു
ഉച്ച സൂര്യന്റെ കനത്ത വെയിലിൽ ചാഞ്ഞ സ്വർണ്ണ നിറമാർന്ന നെൽക്കതിരുകൾ അതിരിട്ട വയൽ വരമ്പും താണ്ടി വീട്ടിലേയ്ക്ക് നടക്കുമ്പോൾ നെയ്യാറ്റിൻകര വാസുദേവൻ നായരും ശെമ്മാങ്കുടിയും കച്ചേരി തുടങ്ങിയിട്ടുണ്ടാകും.ഭക്ഷണം കഴിഞ്ഞു
തിരികെ സ്‌കൂളിലേക്ക് പോകുമ്പോൾ തോടുകളിലെ വെള്ളത്തിന്റെ തണുപ്പറിഞ്ഞു ഉള്ളം കാലും വയലാറും ദാസേട്ടനും ദേവരാജൻ മാഷും കൂടി മെനഞ്ഞ പാട്ടുകൾ മനസ്സും കുളിർപ്പിച്ചുണ്ടാകും.
സന്തോഷ് ട്രോഫിയിൽ ഐ എം വിജയനും വി പി സത്യനും ഷരഫലിയും ഒക്കെ ഗോൾ അടിക്കുന്നത് നമ്മൾ കേട്ടറിഞ്ഞു,നെഹ്റു ട്രോഫി വള്ളം കളിയിൽ പായിപ്പാടാന്റെയും കാരിചലിന്റെയും തുഴപ്പാടുകളും വള്ളപ്പാടുകളും നമ്മളോട് ആവശത്തോട് തൊട്ടറിഞ്ഞു.സിദ്ദുവും അസറുദ്ദീനും ഒക്കെ സെഞ്ച്വറി അടിക്കുന്നത് നാം കേട്ടിട്ടുണ്ട്..സച്ചിൻ എന്ന പ്രതിഭയും ഏറെക്കുറെ നമ്മെ തൊട്ടറിഞ്ഞതും ഇതിലൂടെ ആയിരുന്നു.യുദ്ധങ്ങളും പ്രകൃതി ക്ഷോഭങ്ങളും നമ്മെ ആദ്യം അറിയിച്ചതും റേഡിയോ ആയിരുന്നു
കുട്ടികളുടെ നാടകവും യുവാവാണിയും വയലും വീടും വിപണിയും കൊണ്ട് സന്ധ്യാ സമയങ്ങൾ ധന്യമായിരുന്നു. കൗതുക വാർത്തകളും ലോക വാർത്തകളും പുതിയ ലോകങ്ങൾ സമ്മാനിച്ചു.അറിവിന്റെ ഏക ജാലകങ്ങൾ ആയിരുന്നു റേഡിയോകൾ
നാടക മത്സരങ്ങളും പ്രത്യേക വിഭവമായിരുന്നു,അക്ഷര ശുദ്ധിയും ഉച്ചാരണ മികവും കൊണ്ട് ശ്രവ്യമെങ്കിലും വികാരഭരിതമായിരുന്നു റേഡിയോ നാടകങ്ങൾ.ഖാൻ കാവിലും രാധമണിയും ഗോപിനാഥൻ നായരും ഒക്കെ ഉറങ്ങാൻ കിടക്കുമ്പോഴും അവരുടെ ശബ്ദ വ്യതിയാനങ്ങൾ കൊണ്ട് നമ്മെ പിടിച്ചുലച്ചിട്ടുണ്ടാകും
കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ റേഡിയോയുടെ ആന്റിനയിൽ പിടിച്ചു ഉറക്കം തൂങ്ങി കൊണ്ട് ഇരുന്നു തരംഗങ്ങളുടെ തീവ്രത കൂട്ടേണ്ടത് കുട്ടികളുടെ പണി ആയിരുന്നു.
ഇതൊക്കെ കേട്ടു കൊണ്ടു വിശാലമായ മുറ്റങ്ങളിൽ ഇതിനോടൊപ്പം സ്ത്രീകൾ ഓല മെടയലും
കറ്റ മെതിക്കലും നെല്ല് കുത്തലും തകൃതിയായി നടത്തിയിരുന്നു.മാധുരിയും പി.സുശീലയും അവരോടൊപ്പം ഈണങ്ങൾ മൂളി.ഓണപ്പാട്ടുകളും നാടൻ പാട്ടുകളും കൊണ്ടു രാവുകൾ സമ്പുഷ്ടമാക്കി
ബസ്സിൽ റേഡിയോ കൊണ്ടു പോകുന്നതിന് സർ ചാർജ്ജ് കൊടുക്കേണ്ട കാലം ഉണ്ടായിരുന്നെന്ന് കേട്ടാൽ പുതു തലമുറ ചിരിക്കുന്നുണ്ടാകും..അതിൽ രാഷ്ട്രീയ,പക്ഷഭേദങ്ങളോ ചായ്‌വ്‌കളോ ഇല്ലായിരുന്നു. .നേരും നെറിയും ഉണ്ടായിരുന്നു…
ധാർമ്മികതയും മാനവികതയും മൂല്യങ്ങളും ഉണ്ടായിരുന്നു. വാണിജ്യ താത്പര്യങ്ങളോ റേറ്റിങ്ങുകളോ ഇല്ലാതെ വിശ്വാസനീയമായിരുന്നു.പരസ്യങ്ങളുടെ അതിപ്രസരം ഇല്ലായിരുന്നു,നന്മകൾ ആയിരുന്നു റേഡിയോക്കാലങ്ങൾ.
പൂ മുഖത്തു വല്യ സ്റ്റാന്റിൽ തട്ടിപ്പെട്ടിയിൽ തീർത്ത റേഡിയോപ്രൗഢിയുടെ ചിഹ്നമായിരുന്നു.
പഴയ കാലത്ത് സ്വീകരണമുറികളെ അലങ്കരിച്ചിരുന്ന ഏക ആഡംബരവസ്തുവായിരുന്നു. ചാരു കസേരയില് ചാഞ്ഞു കിടന്നു റേഡിയോയുംശ്രവിച്ചു നാലും കൂട്ടി മുറുക്കിനീട്ടി തുപ്പുന്ന വാർധക്യങ്ങൾ സ്ഥിരം ഉമ്മറ കാഴ്ചകളായിരുന്നു.
കവലകളിൽ ഒത്ത് കൂടിയിരുന്നവർക്ക്റേഡിയോ ക്ലബ്ബിലെ ഉച്ചഭാഷിണി യിൽ കൂടി വരുന്ന
ഇലക്ഷൻ റിസൽറ്റുകൾ ആവേശഭരിതമായിരുന്നു.മണിക്കൂറുകൾ കാത്തിരുന്നിട്ടുണ്ട് രാമചന്ദ്രന്റെ സുന്ദര ശബ്ദത്തിൽ വാർത്തകൾ കേൾക്കാൻ..ഇന്നത്തെ പോലെ വിരൽ തുമ്പിൽ ഇഷ്ടാനുസരണം ചാനൽ മാറ്റി കളിക്കാൻ റിമോട്ടുകൾ ഇല്ലായിരുന്നു.
ടിവിയുടെ ദൃശ്യ ശ്രവ്യ സാധ്യത റേഡിയോകളെയും ഓർമകളുടെ തട്ടിൻപുറങ്ങളിലെയ്ക്ക് നാട് കടത്തി.ഇപ്പോൾ എഫ് എം എന്ന പേരിൽ തിരിച്ചെത്തിയെങ്കിലും ശബ്ദ കോലഹലങ്ങളുടെ മലവെള്ള പാച്ചിലാണ്,പഴയ
ശ്രവ്യാനുഭൂതിയുടെ മനോഹാരിതയും മാസ്മരികതയും സമ്മാനിക്കാൻ പുതു റേഡിയോകൾക്ക് കഴിയുന്നില്ല
റേഡിയോ ഓർമകളിൽ ഇന്നും തങ്ങി നിൽക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ വിയോഗത്തിൽ ദിവസങ്ങളോളം മുഴങ്ങി നിന്നിരുന്ന ദുഃഖ സംഗീതത്തെ
ആയിരുന്നു…പ്രകൃതി പോലും മന്ദീഭവിച്ച ആ ദിനങ്ങളെ ആയിരുന്നു,
നാഗര് കാവിലെ അതിരില്ലാത്ത ആകാശത്തിലേയ്ക്ക് ഏറ്റം പിടിച്ചു കയറി പോയിരുന്ന പേരറിയാത്ത മരത്തിലെ പൊത്തുകളിൽ കൂട് കൂട്ടിയിരുന്ന പക്ഷികൾ അന്ന് ചിലച്ചിരുന്നില്ല, തൊടിയിലെ അണ്ണാറക്കണ്ണനും തെങ്ങോലകളെ ഇളകി ചലിപ്പിക്കുന്ന കാറ്റും അന്ന് മൗനമായിരുന്നു.മുറ്റത്തെ ചെമ്പരത്തിയിൽ തേൻ നുകരാൻ എത്തുന്ന കുരുവികളെയും അന്ന് കണ്ടില്ല,
ചില മരണങ്ങൾ അങ്ങനെയാണ്,അത് പ്രകൃതിയെയും പൊള്ളിക്കുമായിരിക്കാം.അല്ലെങ്കിൽ മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്നു മനുഷ്യനെ ഇടയ്ക്കിടയ്ക്ക് നിശബ്ദമായി ഓർമിപ്പിക്കുന്നതായിരിക്കാം.
ലേഖകൻ-വിനോദ് കാർത്തിക
Post Your Comments