കർക്കിടക പെയ്‌ത്തിൽ കുളിച്ചീറൻ മാറ്റി ഉടുത്ത നെൽപ്പാടങ്ങളും വിതറിയിട്ട് ഉണക്കിയ മുടിയിഴകൾ പോലെ തെങ്ങിൻതോപ്പുകളും ചിങ്ങനിലാവിൽ ഇപ്പോൾ പരിലസിക്കുന്നുണ്ടാവും.തൊടികളിൽ പരന്നു ഒഴുകുന്ന നിലാവെളിച്ചത്തിൽ രാവിന്റെ സൗന്ദര്യം ഏറിയിട്ടുണ്ടാകും.പ്രവാസത്തിന്റെ യാന്ത്രിക ജീവിതത്തിൽ ഓണം എന്ന രണ്ടക്ഷരം മനസ്സിൽ സൃഷ്ടിക്കുന്ന നൊമ്പരത്തിന്റെ ചില മുറിവുകളും ഉത്രാട രാത്രിയിൽ വേർപാടിന്റെ വേലിയേറ്റങ്ങളും മനസ്സിന്റെ ഭിത്തികളിൽ അലകൾ തീർക്കാൻ കാത്തിരിക്കുന്നുണ്ട്.
ചിങ്ങ വെയിൽ തെളിയുന്ന പകലുകളിൽ പാറി നടക്കുന്ന ഓണതുമ്പിയും തെളിഞ്ഞ നീലാകാശത്തിൽ വെള്ളി മേഘക്കെട്ടുകൾ ഒഴുകി നടക്കുന്നതും ഒക്കെ ചേർന്നു പ്രകൃതിയുടെ സൗന്ദര്യത്തിന്റെ നിറ കാഴ്ചയാണ് ഓണം.അതിരാവിലെ ഇറ്റ് വീഴാൻ വെമ്പി നിൽക്കുന്ന മഞ്ഞു തുള്ളികൾ നിറഞ്ഞ തൊടിയിലെ ചെടികൾക്കിടയിൽ തുമ്പയും മുക്കുറ്റിയും തൊട്ടാവാടി പൂക്കളും തേടി നടന്നിട്ടുള്ള ബാല്യ കാലം.ചാണകം മെഴുകിയ മുറ്റത്ത് പൂക്കൾ നിരത്തി പൂക്കളം തീർത്തിട്ട് സ്‌കൂളിലേക്ക് പോകുന്ന ബാല്യങ്ങൾ.
ഓണം ചിലരുടെ ഓർമപ്പെടുത്തലുകളാണ്. മണ്ണിന്റെ നിറമുള്ള ചട്ടികൾ വലിയ കുട്ടയിൽ ചുമന്നു വിയർപ്പിൽ മുങ്ങിയ ബനിയനും ഇട്ട് എല്ലാ വർഷവും എത്തുന്ന കുറിയ കച്ചോടക്കാരൻ.പ്രത്യേക താളത്തിൽ ഉളി കൊണ്ട് അമ്മി കല്ലിൽ താമരയും സ്ത്രീ രൂപവും കൊത്താൻ വരുന്ന ചുവന്ന കല്ല് പതിച്ച മൂക്കുത്തിയും കാതിൽ തൂങ്ങിയാടുന്ന വല്യ കമ്മലും ഉള്ള പണിക്കത്തി അവരോടോപ്പം കാണുന്ന പാറിപ്പറക്കുന്ന ചെമ്പൻ മുടിയിഴകൾ ഉള്ള കുറുമ്പൻ, പപ്പട കെട്ടുകൾ വട്ടിയിൽ അടുക്കി കൊണ്ടു വന്നു എണ്ണി തരുന്ന പപ്പടത്തിന്റെ പൊടി പാറിയ സാരി ചുറ്റിയവർ.
.
തൊടിയും വരമ്പുകളും ചെത്തി ഒരുക്കി മാവിന്റെ ചാഞ്ഞ കൊമ്പിൽ ഊഞ്ഞാൽ കെട്ടി തരുന്ന പുറം പണിക്കാർ,വളകളും ചാന്തും പൊട്ടും കൊണ്ട് കയറി വരുന്നവർ,സൈക്കിളിൽ തടി കൊണ്ടുള്ള ഐസ് പെട്ടിയുമായി ഉച്ചയ്ക്ക് മണിയടിച്ചു പോകുന്ന ഐസ് കാരൻ, ബലൂണുകളും പീപ്പിയും പന്തുകളും ആയി പടി കേറി വരുന്നവർ, ഒക്കെ മാവേലിക്ക് മുൻപേ വന്നെത്തുന്നുവർ ആയിരുന്നു. ഇവർക്കൊക്കെ പ്രത്യേക ശബ്ദങ്ങളും മണ്ണിന്റെ നിറവും വിയർപ്പിന്റെ ഗന്ധവും ആയിരുന്നു.
ഓണപ്പരീക്ഷ കഴിഞ്ഞു പുസ്തക കെട്ടുകൾ വലിച്ചെറിഞ്ഞു മാവുകളിൽ തൂങ്ങിയാടുന്ന ഊഞ്ഞാലുകളിൽ ഉയരങ്ങൾ തേടുന്ന കൗമാരങ്ങൾ.കറുത്ത നിറമുള്ള തോക്കിൽ പൊട്ടസ് ചുറ്റി നിലയ്ക്കാത്ത വെടിയൊച്ചകളും പ്ലാസ്റ്റിക് പന്തുകളും കൊണ്ട് കളിക്കുന്നതിന്റെ ഇടവേളകളിൽ പോക്കറ്റിൽ നിന്നും അരി മുറുക്കും ഉണ്ണിയപ്പവും ഒക്കെ കൂട്ടുകാർക്ക് പങ്കു വയ്ക്കുന്നുണ്ടാകും
ഓടിൻ കഷണങ്ങളും പരന്ന കല്ലുകളും അടുക്കി വച്ചു പന്ത് കൊണ്ട് എറിഞ്ഞു വീഴ്ത്തി തിരികെ അടുക്കാൻ ശ്രമിക്കുന്ന എതിരാളികളെ പന്ത് കൊണ്ട് എറിഞ്ഞോടിക്കുന്ന യൗവനങ്ങൾ.ഓണം കളികളുടെ ഉത്സവമാണ്.കിളിതട്ടുകളിയും പുലികളിയും തറയിൽ നാട്ടിയ എണ്ണ വാർന്നോഴുകുന്ന മുളയുടെ തുമ്പിൽ തൂക്കിയ മുണ്ടിനു വേണ്ടി കയറുന്ന മെയ് വഴക്കകാരും തലയണ കൊണ്ട് തമ്മിൽ അടിക്കുമ്പോഴും വീഴാതെ മുളകളിൽ നിയന്ത്രണം കൊണ്ടു ഇരിക്കുന്ന അഭ്യാസികളും ഓണക്കാഴ്ചകളുടെ ഹരമായിരുന്നു.
ചന്ദ്രന്റെ പാലപ്പൂ നിറമുള്ള പ്രകാശം പരന്നൊഴുകുന്ന രാത്രികളിൽ തിരുവാതിരയും കുമ്മിയടികളും കൊണ്ട് മുറ്റങ്ങൾ സജീവമാകും.കുട്ടികൾ കലപില തീർത്തു കൊണ്ട് ഓടിക്കളിക്കും.അമ്മിയും ഉരലുകളും വിശ്രമത്തിലാകുന്ന ഇടവേളകളിൽ സ്ത്രീകൾ നാടൻ ശീലുകളും പാട്ടുകളും കവിതകളുടെ അന്താക്ഷരിയും കൊണ്ട് തലമുറകൾക്ക് ഓണം കൈമാറിയിരുന്നു.ഇന്ന് ഒത്തുകൂടൽ ഉണ്ടെങ്കിൽ അത് സിനിമാ പാട്ടുകളുടെയും പേരുകളുടെയും അക്ഷരം പറഞ്ഞുള്ള കളികളിൽ ഒതുങ്ങിയിട്ടുണ്ടാകും.
കാലം തീർക്കുന്ന വേഗപ്രവാഹത്തിൽ ഓണം അടിമുടി മാറി.ഇന്ന് ഓണം വീടുകളിൽ നിന്നും നടു മുറ്റങ്ങളിൽ നിന്നും പുറത്തേക്ക് ഇറങ്ങി.മുറ്റത്തെ പൂക്കളങ്ങൾ കവലകളിൽ ആർഭാടമായി നിറയുന്നു.പൂവിൽ നിന്നും നിറങ്ങൾ ചേർത്ത ഉപ്പ് കല്ലുകളിലേയ്ക്കും പൊടികളിലേയ്ക്കും ഇടയ്ക്ക് പോയിരുന്നെങ്കിലും തിരികെ പൂവിലേയ്ക്കും ആകർഷകമായ ചിത്രങ്ങളിലേയ്ക്കും തിരികെ എത്തുന്നു.ഓണം പഴമയുടെ സമൃദ്ധിയും കലർപ്പില്ലാത്ത നന്മ മനസുകളുടെ നിറവും ആയിരുന്നു.
ആധുനിക ഓണം പരീക്ഷകളുടെ പിരിമുറുക്കങ്ങളുടെ ഇടവേളകളിൽ ഉള്ളതും പരസ്യങ്ങളുടെയും ഓഫറുകളുടെയും വിപണി പിടിക്കാനുള്ള കൂത്തരങിന്റേതാണ്.ടിവികളുടെ മുൻപിൽ പിടിച്ചു ഇരുത്താൻ ചാനലുകൾ ശ്രമിക്കുന്നു.വിപണി പിടിച്ചെടുക്കാൻ ഷോപ്പിംഗ് മാളുകൾ വിളിക്കുന്നു.നമ്മൾ കളികളും പാട്ടും ചിരിയും നടത്തേണ്ട സമയത്തു സെലിബ്രിറ്റികളുടെ വീട്ടു കാഴ്ചയും വാചകവും പാചകവും കണ്ടിരിക്കുന്നു.
തിരുവോണത്തിന് ശേഷവും ഉറങ്ങാൻ കിടക്കുമ്പോൾ രാത്രിയുടെ നിലാ വെട്ടത്തിൽ പുലയക്കുടിലുകളിലും വേടമാടങ്ങളിലും നിന്നും നാടൻ ശീലുകളിലെ ഓണപ്പാട്ടുകൾ ഉയർന്നു കേൾക്കുമായിരുന്നു.മണ്ണിന്റെ നിറവും ഗന്ധവും ഉള്ളവർ വായ്താരികളിൽ കൂടി തലമുറകൾക്ക് പകർന്നവ ഇന്ന് നഷ്ടമായിട്ടുണ്ടാകും.ദൈവ വിശ്വാസങ്ങളുടെ ഈറ്റില്ലതറയിൽ മല ദൈവങ്ങളുടെ ആവാഹനത്തിൽ അവർ മുടിയഴിച്ചിട്ടാടി തിമർത്തിട്ടുണ്ടാകും.വയലേലകളിൽ എവിടെയോ നഷ്ടമായ ഞാറ്റു പാട്ടുകൾ പോലെ ഈ നാടൻ തുടിപ്പുകൾ കാല ചക്രത്തിന്റെ ഏടുകളിൽ എവിടെയോ ശാപമോക്ഷം കാത്ത് അനാഥമായി കിടപ്പുണ്ടാകും.
ഇനിയൊരു കാലം വരും..പുതുമയുടെ മണം മടുക്കുമ്പോൾ പഴമ തേടി നാട്ടു വഴികളിലെ വേലിപടർപ്പുകളോട് കിന്നാരം ചെല്ലാൻ വെമ്പുന്ന തലമുറയുടെ കാലം.അന്നേരം പുതു തലമുറയ്ക്ക് നൽകാൻ നമുക്ക് നീക്കി വയ്ക്കാം നാക്കിലയുടെ തുമ്പത്ത് ഒരിത്തിരി നല്ലോണം..ഒപ്പം
തെങ്ങോലകൾ നിഴൽ വിരിച്ച നാട്ടു വഴികളിലെ കുളിർകാറ്റ്…കാവിലെ കുളത്തിലെ കുഞ്ഞിളം കൈകൾ പാദങ്ങളിൽ മുത്തമിടുമ്പോൾ അരിച്ചു കയറുന്ന കുളിർമ..വിരൽ കൊണ്ട് തൊടുമ്പോൾ ഇല ചിമ്മിയടയുന്ന തൊട്ടാവാടികൾ..തെച്ചിയുടെ പഴുത്ത കായ് തിന്നുമ്പോൾ ഉള്ള രുചി..കാരയ്ക്കയും പുളിയും ഉപ്പും ഒക്കെ ചേരുമ്പോൾ ഉള്ള രസം.
ഇതൊന്നും പകർന്ന് തരാൻ ആധുനിക ലോകത്തിന്റെ ഇലക്ട്രോണിക് കൂട്ടുകൾക് കഴിയില്ല.ഓണമെന്നത് സ്വീകരണമുറിയിലെ ടിവിയ്ക്ക് മുന്പിലോ മൊബൈലിന്റെ 5 ഇഞ്ച് സ്ക്രീനിലെ മിന്നി മായുന്ന ഓണംശംസകളിലും അല്ല….
‘ഈ ഓണം പ്രകൃതിയോടൊപ്പം’ എന്നു നമ്മൾ ചാനലുകളെ നോക്കി തിരിച്ചു പറയാൻ പഠിക്കണം
ഓർമകളുടെ നഷ്ടങ്ങളിൽ ഇനിയും കണക്കുകൾ പെരുകാതിരിക്കട്ടെ…
തിരികെ പോകണം അയൽപക്കത്തെ മുറ്റങ്ങളിലേയ്ക്ക്…
ഇറങ്ങി നടക്കണം കരിയിലകൾ പുതപ്പിട്ട തൊടികളിലേയ്ക്ക്…
ഇടവഴികളിലിപ്പോഴും തുമ്പയും മുക്കുറ്റിയും നിങ്ങളുടെ ബാല്യം തിരികെ തരാൻ കാത്തിരിക്കുന്നുണ്ടാകും…
വിനോദ് കാർത്തിക
Post Your Comments