തിരുവനന്തപുരം: സി ബി എസ് ഇ സിലബസിൽ നിന്ന് മാറുമറയ്ക്കൽ സമരം ഉൾപ്പടെയുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയെന്ന പ്രചരണം തെറ്റാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാഠപുസ്തകങ്ങളുടെ വലുപ്പം കുറയ്ക്കണമെന്ന ദീർഘകാലത്തെ ആവശ്യത്തെ തുടർന്ന് വിദഗ്ദ്ധ സമിതിയാണ് ചില പാഠഭാഗങ്ങൾ അച്ചടിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. ഇത് പുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു.അല്ലാതെ സിലബസിൽ നിന്ന് ഒഴിവാക്കിയതു കൊണ്ടല്ല. അതേസമയം അച്ചടിയ്ക്കാഞ്ഞ പാഠഭാഗങ്ങൾ ക്യൂ. ആർ കോഡായി പുസ്കത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പുസ്തകത്തിൽ അച്ചടിച്ചിട്ടില്ല എന്നതിനർത്ഥം അവ പഠിപ്പിക്കേണ്ടതില്ല എന്നല്ല.
പഠനഭാരം കുറയ്ക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട കക്ഷികളിൽ നിന്നും അഭിപ്രായങ്ങൾ തേടി 2018 മാർച്ച് മാസത്തിൽ തന്നെ വെബ്സൈറ്റിൽ പരസ്യം ചെയ്തിരുന്നു. ഇത്തരത്തിൽ ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പാഠഭാഗങ്ങളിൽ കുറവ് വരുത്തിയത്. ഈ തീരുമാനം കൈക്കൊണ്ടത് എൻസിഇആർടിയുടെ വിദഗ്ദ്ധസമിതിയാണ്, കേന്ദ്രസർക്കാരല്ല. കോഡ് സ്കാൻ ചെയ്ത് പാഠഭാഗങ്ങൾ അദ്ധ്യാപകർക്ക് പഠിപ്പിക്കേണ്ടതാണ്. പാഠഭാഗങ്ങൾ ക്യൂആർ കോഡായല്ല അച്ചടിച്ച് തന്നെ വേണമെന്ന് കേരള സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ അക്കാര്യം എൻസിഈആർടിഇയോട് ആവശ്യപ്പെടണം. അല്ലാതെ വ്യാജ പ്രചരണം നടത്തുകയല്ല വേണ്ടത്. വസ്തുതകൾ ഇതായിരിക്കെ സമൂഹത്തിൽ സ്പർദ്ധ പരത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ പിൻമാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Post Your Comments