ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.98 ശതമാനമാണ് വിജയം. മേഖലകളില്‍ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. പത്താം ക്ലാസ് ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയം ശതമാനത്തില്‍ 0.65 ന്റെ വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷവും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പിന്നിലാക്കി. പെണ്‍കുട്ടികളുടെ വിജയശതമാനം 91.52 ശതമാനവും ആണ്‍കുട്ടികളുടേത് 85.12 ശതമാനവുമാണ്.
കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 99.91 ശതമാനം വിജയംനേടി രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. 24,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. മികച്ച രീതിയില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞെന്നും സിബിഎസ്ഇ അറിയിച്ചു.
Post Your Comments