ഹരിപ്പാട്: അന്‍പത് ലക്ഷത്തോളം രൂപയും 47 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത് യുവതി മുങ്ങി. നാട്ടുകാരില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഇവരുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനാരി പരത്തിപ്പള്ളില്‍ ജയന്തി എന്ന യുവതിയാണ് ഒളിവിലുള്ളത്. ഇവരുടെ ഭര്‍ത്താവ് ഉദയന്‍ അറസ്റ്റിലായെങ്കിലും തട്ടിപ്പില്‍ പങ്കില്ലെന്നാണ് ഇയാളുടെ മൊഴി. നിലവില്‍ വീയപുരം പൊലീസില്‍ പത്തോളം പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ ഓഫാണ്. ഓണാക്കിയാല്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനും നടപടികള്‍ ആരംഭിച്ചെന്നും രണ്ടു ദിവസത്തിനകം ഇവ നടപ്പാക്കുമെന്നും പൊലീസ് പറഞ്ഞു. ആയാപറമ്പിലും മുതുകുളത്തും ജിം നടത്തിത്തിയിരുന്ന ജയന്തി ഇതിന്റെ നടത്തിപ്പിനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കും വേണ്ടിയെന്ന പേരില്‍ വായ്പയായാണ് പണം വാങ്ങിയിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ആദ്യം കടം വാങ്ങിയിരുന്ന പണം തിരികെ നല്‍കി വിശ്വാസ്യത നേടിയ ശേഷമാണ് വലിയ തുക കൈക്കലാക്കി ഇവര്‍ ഒളിവില്‍ പോയത്. ചിലരോട് ജിമ്മിന്റെ പാര്‍ട്ണര്‍ ആക്കാമെന്നു പറഞ്ഞാണ് പണം വാങ്ങിയത്. ചിലരില്‍ നിന്നു പണം വാങ്ങിയപ്പോള്‍ മറ്റുള്ളവര്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുകയാണ് ചെയ്തതെന്നും പരാതിയിലുണ്ട്.
ജയന്തി രാമപുരത്ത് ബന്ധുവീട്ടില്‍ ഉണ്ടെന്നറിഞ്ഞ് പണം വാങ്ങാനെത്തിയ ചിലരെ ബന്ധുക്കളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ചെറുതന ഇടയന്‍തുരുത്ത് വീട്ടില്‍ ജയകൃഷ്ണന്റെ 6.50 ലക്ഷം രൂപ, മുട്ടം തെക്കന്‍ കോവില്‍ പത്മകുമാരിയുടെ 10 ലക്ഷം, ആനാരി വാക്കയില്‍ പ്രസന്നയുടെ 3 ലക്ഷവും 7 പവനും, വാക്കയില്‍ ഗംഗയുടെ 2.30 ലക്ഷം, ഹരിപ്പാട് ഉത്രാടം വീട്ടില്‍ സുലജയുടെ 6.70 ലക്ഷം, ആനാരി അമറോത്ത് വടക്കതില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ 3 ലക്ഷം, വെന്‍മേലില്‍ വീട്ടില്‍ രതിയുടെ 4 ലക്ഷം, പിലാപ്പുഴ ശ്രീലക്ഷ്മി വിലാസം സരസ്വതിയമ്മയുടെ 70,000 രൂപ, മറ്റൊരാളുടെ 22 ലക്ഷവും 40 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments