തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തര്‍ക്കത്തില്‍ ഇന്ന് തീരുമാനമാകും. തര്‍ക്കമുള്ള നാല് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. . വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കായി എ,ഐ ഗ്രൂപ്പുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് ആവശ്യം ഉന്നയിച്ചതോടെ ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുക്കാനായില്ല.
വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഷാനിമോള്‍ ഉസ്മാന് നല്‍കണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെട്ടു. ഇതിനിടെ കെപിസിസി സെക്രട്ടറി കെ പി അബ്ദുള്‍ മജീദും വിവി പ്രകാശും വയനാടിനായി രംഗത്തെത്തി. തര്‍ക്കം രൂക്ഷമായതോടെ കെ മുരളീധരന്‍ എംഎല്‍എയെ വയനാട്ടില്‍ മല്‍സരിപ്പിക്കുന്നതും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
പി ജയരാജന്‍ മല്‍സരിക്കുന്ന വടകരയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ വിദ്യാ ബാലകൃഷ്ണനെയാണ് കോണ്‍ഗ്രസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ കരുത്തനായ ജയരാജനെതിരെ, ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെ വിദ്യയുടെ സാധ്യത അടഞ്ഞു. വയനാട്ടില്‍ പരിഗണിക്കുന്ന ടി സിദ്ദിഖിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതും നേതൃത്വം ആലോചിക്കുന്നുണ്ട്.
ഷാനിമോള്‍ ഉസ്മാന്റെ സീറ്റ് ഏതെന്ന് ധാരണയാകാത്തതാണ് ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലത്തെ സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലാക്കിയത്. വയനാടിനൊപ്പം ആലപ്പുഴയിലും ഷാനിമോളുടെ പേര് പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ പേരും സജീവ പരിഗണനയിലുണ്ട്. അതിനിടെ ഷാനിമോള്‍ ഉസ്മാനെ ആറ്റിങ്ങലും അടൂര്‍ പ്രകാശിനെ ആലപ്പുഴയിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും ആലപ്പുഴയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. ആലപ്പുഴയില്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണം എന്നും ആവശ്യവും ഉയരുന്നുണ്ട്.
Post Your Comments