കോഴിക്കോട്: സസ്യശാസ്ത്ര ലോകത്തിന് കേരളത്തില്‍ നിന്നും രണ്ട് സസ്യങ്ങള്‍ കൂടി. ഇടുക്കി ജില്ലയിലെ പുഷ്പിത സസ്യങ്ങളെക്കുറിച്ചു പഠനം നടത്തിവരുന്ന കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം മേധാവി പ്രൊഫസര്‍ സന്തോഷ് നമ്പി, ഗവേഷകന്‍ ഓച്ചിറ സ്വദേശി എസ് ശ്യാം രാധ് എന്നിവരാണ് പുതിയ രണ്ട് സസ്യങ്ങളെ കൂടി കണ്ടെത്തിയത്. ദക്ഷിണ പശ്ചിമഘട്ട മേഖലയിലുള്‍പ്പെടുന്ന ഇടുക്കി ജില്ലയിലെ മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തില്‍ നിന്നാണ് പുതിയ ചെടികളെ കണ്ടെത്തിയത്.
മലാസ്റ്റമറ്റസിയെ സസ്യകുടുംബത്തില്‍പ്പെട്ട കായാമ്പൂവിന്റെ ജനുസ്സിലുള്‍പ്പെടുന്നതാണ് (മെമിസിലോണ്‍) ഒരു ചെടി. കേരളത്തില്‍ ഈ ജനുസ്സില്‍ കാണുന്ന മറ്റു ചെടികളില്‍ നിന്നും വ്യത്യസ്തമായി വെള്ളനിറമുള്ള തണ്ടില്ലാത്ത മനോഹരമായ പൂങ്കുലകളാണ് ഈ ചെടിയിലേക്കു ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിപ്പിച്ചത്. ഈ സസ്യത്തിന് മെമിസിലോണ്‍ ഇടുക്കിയാനം എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ആദ്യമായി കണ്ടെത്തിയത് ഇടുക്കി ജില്ലയില്‍ നിന്നായതുകൊണ്ടാണ് ഇടുക്കിയാനം എന്ന പേരു നല്‍കിയിരിക്കുന്നത്.
കുരുമുളക്, വെറ്റില, തിപ്പലി എന്നിവയുള്‍പ്പെടുന്ന സസ്യകുടുംബത്തിലെ (പൈപ്പറേസിയെ) പെപ്പറോമിയ ജനുസ്സിലുള്‍പ്പെട്ടതാണ് മറ്റൊരു സസ്യം. ഇതിനു പെപ്പറോമിയ ഏകകേസര എന്നാണു പേരുനല്‍കിയിരിക്കുന്നത്. ഈ ജനുസില്‍പ്പെട്ട മറ്റുചെടികളില്‍ നിന്നും വ്യത്യസ്തമായി ഒരു കേസരം മാത്രമേയുള്ളൂ എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. ഈ സവിശേഷതയാണ് ഏകകേസര എന്ന പേരു കൊടുക്കുവാന്‍ കാരണം.
പെപ്പറോമിയ ഏകകേസരയുടെ പഠനഫലം ന്യൂസിലന്‍ഡില്‍നിന്നും പ്രസിദ്ധീകരിക്കുന്ന സസ്യ വര്‍ഗ്ഗീകരണ ജേണലായ ഫൈടോടാക്സ്സയുടെ ആഗസ്റ്റ് ലക്കത്തിലും മെമിസിലോണ്‍ ഇടുക്കിയാനത്തിനെക്കുറിച്ചുള്ളത് ഇംഗ്ലണ്ടിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ക്യൂ ബുള്ളറ്റിന്റെ പുതിയ ലക്കത്തിലും ഇടം നേടിയിട്ടുണ്ട്.
Post Your Comments