മാധ്യമവിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നീക്കിയതാണ് ടോം വടക്കൻ കോൺഗ്രസ് വിടാനുള്ള കാരണങ്ങളിലൊന്ന്. കോണ്‍ഗ്രസിലെ മാധ്യമവിഭാഗം ഏറെക്കാലം ടോമിന്റെ കീഴിലായിരുന്നു. രാഹുല്‍ ഗാന്ധി പ്രസിഡന്റായി എത്തിയതോടെ അദ്ദേഹത്തിന്റെ താൽപര്യപ്രകാരം ഡോ ഷമ മുഹമ്മദിനെ നിയമിക്കുകയുണ്ടായി. ഷമ മുഹമ്മദ് മലയാളിയാണെന്ന് പലർക്കും അറിയില്ലെന്നതാണ് സത്യം. തലശ്ശേരിക്കടുത്ത മാഹിയിലെ കല്ലാപുതിയ വീട്ടിലാണ് ഷമ ജനിച്ചത്. വളര്‍ന്നത് കുവൈത്തിലാണ്. മാതാവ് മാഹി സ്വദേശിനിയാണ്. കണ്ണൂരിലെ താണയിലാണ് പിതാവിന്റെ തറവാട്.
കണ്ണൂര്‍ എസ്എന്‍ കോളേജില്‍ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. മംഗലാപുരം യെനപ്പോയ ഡെന്റല്‍ കോളേജില്‍നിന്ന് ബിഡിഎസിന് ശേഷം കണ്ണൂര്‍, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ ദന്തഡോക്ടറായി ഷമ ജോലി നോക്കുകയുണ്ടായി. ഡൽഹിയിൽ ജോലി ചെയ്യുന്നതിനിടെ സീ ന്യൂസിൽ കുറച്ചുകാലം മാധ്യമപ്രവർത്തകയായും പ്രവർത്തിക്കുകയുണ്ടായി. ഇതിനിടയില്‍ അനാഥരായി നഗരത്തിലെത്തുന്ന പെണ്‍കുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസ് എന്ന സാമൂഹികസന്നദ്ധ സംഘടനയിലും പ്രവര്‍ത്തിച്ചു. ഭര്‍ത്താവിനും രണ്ടുകുട്ടികള്‍ക്കുമൊപ്പം പൂണെയിലാണ് ഇവർ താമസിക്കുന്നത്.
Post Your Comments