KeralaLatest News

കോട്ടയം വഴി കൂടുതല്‍ ട്രെയിനുകള്‍ വരുന്നു

കൊച്ചി: റെയില്‍വേയില്‍ നിന്ന് യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോട്ടയം വഴി കൂടുതല്‍ ട്രെയിനുകള്‍ വരുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ കുറുപ്പന്തറ-ഏറ്റുമാനൂര്‍ റൂട്ടില്‍ റെയില്‍വേ മുഖ്യ സുരക്ഷാ കമ്മിഷണറുടെ പരിശോധന 15ന് നടക്കും. ദക്ഷിണ മേഖലയുടെ ചുമതലയുളള സുരക്ഷ കമ്മിഷണര്‍ കെഎ മനോഹരന്റെ നേതൃത്വത്തിലുളള ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുക.

മോട്ടോര്‍ ട്രോളി ഉപയോഗിച്ചുളള പരിശോധന രാവിലെയും പ്രത്യേക ട്രെയിനുപയോഗിച്ചുളള പരീക്ഷണയോട്ടം ഉച്ചയ്ക്ക് ശേഷവും നടക്കും. ഉച്ചയ്ക്ക് 2.45നും 3.30നുമിടയിലാകും എഞ്ചിനും ഏതാനും കോച്ചുകളും ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തുക. പരീക്ഷണയോട്ടം നടക്കുന്ന സമയത്ത് പ്രദേശവാസികള്‍ പാത മുറിച്ചു കടക്കാതെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്ക്ക് സിഗ്നലിങ് ജോലി പൂര്‍ത്തിയാക്കി പാത തുറന്നു നല്‍കും.

ഏപ്രില്‍ ആദ്യ വാരത്തോടെ പുതിയ പാതയിലൂടെ ട്രെയിന്‍ ഗതാഗതം ആരംഭിക്കും. 8 കിലോമീറ്റര്‍ പാതയാണ് ഇപ്പോള്‍ കമ്മിഷന്‍ ചെയ്യുന്നത്. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയാണ് (18 കിലോമീറ്റര്‍) ഇനി ഒറ്റവരി പാത അവശേഷിക്കുന്നത്. ഇതു കൂടി ഇരട്ടപ്പാതയാക്കിയാല്‍ തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ വൈദ്യുതീകരിച്ച ഇരട്ടപ്പാത യാഥാര്‍ഥ്യമാകും.

കോട്ടയം വഴി ശുപാര്‍ശ ചെയ്തിരിക്കുന്നതും മാറ്റി വച്ചിരിക്കുന്നതുമായ തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി, കേരളയുടെ റൂട്ടില്‍ തിരുവനന്തപുരം- ന്യൂഡല്‍ഹി പ്രതിദിന രാജധാനി ഉള്‍പ്പെടെയുളള ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഇപ്പോള്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന തുരന്തോ എക്സ്പ്രസുകള്‍ ഉള്‍പ്പെടെയുളളവ കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും നീട്ടാനും വഴിതുറക്കും. ഇരട്ടപ്പാത വരുന്നതോടെ ട്രാക്ക് വിനിയോഗ ശേഷി ഇപ്പോഴുളള 116 ശതമാനത്തില്‍ നിന്നു 58 ശതമാനമായി കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button