
ന്യൂഡല്‍ഹി : ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചതിന് പിന്നാലെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളില്‍ എ ഐ സഹായത്തോടെ ജനക്കൂട്ട നിയന്ത്രണ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ആളുകളുടെ നീക്കങ്ങളും ട്രെയിന്‍ വൈകുന്ന സന്ദര്‍ഭങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ച് നിരീക്ഷിക്കും.
തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കാല്‍നട പാലങ്ങളിലും കോണിപ്പടികളുടെ ഇറക്കത്തിലും ഇരിക്കുന്ന ആളുകളെ ക്യാമറകള്‍ നിരീക്ഷിക്കും. ഇതിനായി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മാത്രം 200 സി സി ടി വികള്‍ സ്ഥാപിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. മഹാ കുംഭമേളക്ക് പോകുന്ന 90 ശതമാനം ഭക്തരും നാല് സംസ്ഥാനങ്ങളിലെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് യാത്ര ചെയ്യുന്നവരാണ്.
ഇത് സെന്‍ട്രല്‍ നിരീക്ഷണ കേന്ദ്രങ്ങളിലൂടെ നിരീക്ഷിക്കും. സാഹചര്യ ബോധവത്കരണത്തിനും പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനും അതത് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. യാത്രക്കാര്‍ക്ക് ദിശ മനസ്സിലാക്കാന്‍ സഹായക ബോര്‍ഡുകളും ചിഹ്നങ്ങളും പതിപ്പിക്കും. തിരക്കൊഴിവാക്കാന്‍ റെയില്‍വേ പ്രത്യേക പ്രചാരണം നടത്തും.
ഇതിനായി യാത്രക്കാര്‍, കൂലിത്തൊഴിലാളികള്‍, കടയുടമകള്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും റെയില്‍വേ തീരുമാനിച്ചു. ശനിയാഴ്ച രാത്രി പത്തോടെയാണ് ട്രെയിന്‍ അനൗണ്‍സ്‌മെന്റുകളില്‍ ആശയക്കുഴപ്പത്തിലായ യാത്രക്കാര്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇടുങ്ങിയ പാലത്തിലൂടെ പ്ലാറ്റ്‌ഫോം നമ്പര്‍ 16ലേക്ക് ഇരച്ചുകയറി ദുരന്തത്തില്‍പ്പെട്ടത്. തിരക്കില്‍പ്പെട്ട 18 പേരാണ് മരിച്ചത്.
Post Your Comments