Latest NewsKerala

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം : പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്രയ്ക്ക് തടസം വരുത്തുമെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം, പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്രയ്ക്ക് തടസം വരുത്തുമെന്ന് സംശയം . ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി, അല്‍പശി ഉത്സവങ്ങള്‍ക്ക് സമാപനം കുറിച്ചു നടത്തുന്ന ആറാട്ട് ഘോഷയാത്രയ്ക്ക് വിമാനത്താവളത്തിനുള്ളിലൂടെ കടന്നു പോകാന്‍ അനുമതി ലഭിക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. വിമാനത്താവള നടത്തിപ്പിന്റെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളാണ് ആശങ്കക്കിടയാക്കിയിരിക്കുന്നത്. ആചാരത്തിന് തടസമുണ്ടാകാതിരിക്കാന്‍, വിമാനത്താവളം ഉള്‍പ്പെടെയുള്ള ഭൂമി കൈമാറ്റം സംബന്ധിച്ച് രാജ കുടുംബം സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയിട്ടുള്ള രേഖകള്‍ പരിശോധിക്കുകയാണ് ക്ഷേത്ര ഭരണസമിതി.

അതേസമയം, വിമാനത്താവള നടത്തിപ്പ് കൈമാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലാത്തതിനാല്‍ ആശങ്കയ്ക്ക് വഴിയില്ലെന്നാണ് സൂചന. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിയൂവെന്നതിനാല്‍ അടുത്ത മാസം 20 ന് നടത്തുന്ന പൈങ്കുനി ആറാട്ട് ഘോഷയാത്രയ്ക്ക് തടസമുണ്ടാകാനിടയില്ല. വിമാനത്താവളത്തിന്റെ റണ്‍വേ വഴിയാണ് ഘോഷയാത്ര ശംഖുംമുഖത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും. ആറാട്ടു നടത്തുന്ന ദിവസം വൈകിട്ട് 5 മുതല്‍ തിരിച്ചെഴുന്നള്ളത്ത് നടത്തുന്ന രാത്രി 9 വരെ സാധാരണ വിമാനത്താവളം അടച്ചിടുകയാണ് പതിവ്.

വൈകിട്ട് 5 നാണ് ആറാട്ടു ഘോഷയാത്ര പടിഞ്ഞാറേകോട്ടയില്‍ നിന്ന് ആരംഭിക്കുന്നത്. മുക്കാല്‍ മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തിന്റെ കോമ്പൗണ്ട് കടക്കും. വിമാനത്താവളത്തിനുളളില്‍ വിഗ്രഹങ്ങള്‍ക്കും അനുഗമിക്കുന്നവര്‍ക്കും വിശ്രമിക്കാനായി ആറാട്ടു മണ്ഡപവും നിര്‍മിച്ചിട്ടുണ്ട്. അര മണിക്കൂറോളം ഇവിടെ വിശ്രമിച്ച ശേഷമാണ് ഘോഷയാത്ര റണ്‍വേ കടന്ന് ശംഖുംമുഖത്തേക്ക് തിരിക്കുന്നത്. ആറാട്ടു കഴിഞ്ഞ് എട്ടരയോടെ തിരിച്ചെഴുന്നള്ളത്ത് നടത്തും. ഈ സമയമത്രയും വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിംങിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു ഇതുവരെയുള്ള പതിവ്.

രാജ ഭരണം മാറിയപ്പോള്‍ ഭൂമി കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരുമായി വ്യക്തമായ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്രയ്ക്ക് തടസമുണ്ടാക്കരുതെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചരിത്രകാരന്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button