അബുദാബി : വിസാ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് നിര്‍ദേശങ്ങളുമായി യു.എ.ഇ.
വിസാ അപേക്ഷകളില്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ എമിഗ്രേഷന്‍ വകുപ്പിന്റെ നിര്‍ദേശം. നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യം ഒഴിവമാക്കാന്‍ ഇത് സഹായകരമാവുമെന്ന് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.
അമര്‍ സെന്ററുകള്‍ മുഖേന എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് സമര്‍പ്പിക്കുന്ന രേഖകളില്‍ ശരിയായ മേല്‍വിലാസങ്ങള്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, മറ്റുവിവരങ്ങള്‍ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. അപാകത സംഭവിക്കുന്നത് തുടര്‍ നടപടികള്‍ക്ക് വിഘാതമാകുമെന്ന് ദുബൈ താമസ കുടിയേറ്റ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മര്‍റി അറിയിച്ചു.
അപേക്ഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് സേവനം തേടുന്നവരാണ് ഉറപ്പു വരുത്തേണ്ടത്. നിലവില്‍ ഏറ്റവും എളുപ്പത്തിലാണ് ദുബൈയില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്. അപേക്ഷകള്‍ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കണം എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. പുതിയ സംവിധാനങ്ങളും ഇതിനായി ഏര്‍പ്പെടുത്തിയതോടെ വിസാ നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്.
Post Your Comments