ന്യൂഡല്‍ഹി: ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരക്യാംപ് പ്രവര്‍ത്തിച്ചിരുന്നതിനു തെളിവുണ്ടെന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആക്രമണത്തില്‍ ഏതാനും മരങ്ങള്‍ക്കു മാത്രമാണ് കേടുപാടുണ്ടായതെന്ന പാക്ക് നിലപാടിനു മറുപടിയായി ഒരു ദേശിയ മാധ്യമമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ച റോയിട്ടേഴ്സ് ലേഖകരെ 3 തവണ പാക്ക് സൈന്യം വഴിയില്‍ തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ട്.
ബാലാക്കോട്ട് ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ കുന്നിന്‍ മുകളിലാണ് ഭീകരക്യാംപ്. വഴിയുടെ തുടക്കത്തിലുള്ള ഗേറ്റില്‍ തന്നെ ജയ്ഷെ മുഹമ്മദ് എന്നെഴുതിയ ബോര്‍ഡുണ്ട്. (വ്യോമാക്രമണത്തിനു ശേഷം ഈ ബോര്‍ഡ് മാറ്റി). ചിത്രമെടുക്കാന്‍ പാടില്ലെന്ന മറ്റൊരു ബോര്‍ഡും ഇവിടെയുണ്ട്.2000 ല്‍ ഇവിടെ പരിശീലനം ആരംഭിച്ചതാണെന്നു നാട്ടുകാര്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്റെയും പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെയും സഹകരണത്തോടെയാണ് പരിശീലനം നല്‍കിയിരുന്നത്. സയ്യദ് അഹമ്മദ് ഷഹീദിന്റെ പേരിലാണ് പരിശീലന കേന്ദ്രം അറിയപ്പെട്ടിരുന്നത്.
കുന്നിന്‍ മുകളിലെ ആദ്യകെട്ടിടം ഓഫിസ് ബ്ലോക്കാണ്. അരികിലായി മറ്റൊരു ഒറ്റനിലക്കെട്ടിടം. ഇത് പ്രധാന പരിശീലകന്‍ ഉസ്താദ് ഉസ്മാന്‍ ഘോറിയുടെ താമസസ്ഥലമാണ്. ആക്രമണത്തിനു മുന്‍പു വരെ ഇദ്ദേഹം ഇവിടെ കുടുംബസമേതമായിരുന്നു താമസമെന്നും നാട്ടുകാര്‍ പറയുന്നു.പരിശീലം തേടിയെത്തുന്ന പുതുമുഖങ്ങള്‍ക്കു തങ്ങാനുള്ള ഹോസ്റ്റല്‍, സന്ദര്‍ശകര്‍ക്കു താമസിക്കാനുള്ള ഗെസ്റ്റ് ഹൗസ് എന്നിവയാണ് അടുത്തുള്ള കെട്ടിടങ്ങളില്‍. കെട്ടിടസമുച്ചയത്തിന്റെ നടുക്കായി, മരങ്ങള്‍ക്കിടയില്‍ പരിശീലന കേന്ദ്രം. ഇതൊരു വലിയ ഹാള്‍ ആണ്. പരിശീലകര്‍ ക്ലാസെടുക്കുന്നത് ഇവിടെയാണ്. 200 പേര്‍ക്ക് ഇരിക്കാം.
ഇതിനോടു ചേര്‍ന്ന് ഒരു ചായക്കടയുമുണ്ട്. സമീപത്തുള്ള വലിയ മൈതാനത്താണ് ആയുധ- കായിക പരിശീലനം നല്‍കുന്നത്. സമുച്ചയത്തിന്റെ ഒരറ്റത്തായി പരിശീലനം നേടിക്കഴിഞ്ഞവര്‍ക്കുള്ള താമസസൗകര്യം. അതിനപ്പുറം ചെങ്കുത്തായ താഴ്‌വാരം. പുറത്തു നിന്ന് ഇതുവഴി എത്തിപ്പെടാന്‍ പ്രയാസമായതിനാല്‍, ഇവിടെ വേലി കെട്ടിയിട്ടില്ല. ഒന്നിലേറെ കെട്ടിടങ്ങളിലായി താമസ സൗകര്യവും പരിശീലന സൗകര്യവുമുണ്ട്. ജബാ ബിസിയാന്‍ റോഡിലെ ഹോട്ടല്‍ ബ്ലൂ പൈനിനു മുന്നില്‍ നിന്നാണു ക്യാംപിലേക്കുള്ള ചെമ്മണ്‍ വഴി തുടങ്ങുന്നത്.
ദൂരം 3 കിലോമീറ്ററേയുള്ളൂവെങ്കിലും കുത്തനെയുള്ള കയറ്റമായതിനാല്‍ നടന്നെത്താന്‍ ഒരു മണിക്കൂറെടുക്കും. പതിവുകാര്‍ ബൈക്കിലും മറ്റുമാണ് ഇവിടേക്കു പോവുക. കശ്മീരിലേക്കു മാത്രമല്ല, മുന്‍പ് അഫ്ഗാനിസ്ഥാനിലേക്കും ഭീകരരെ റിക്രൂട്ട് ചെയ്തിരുന്നത് ഇവിടെ നിന്നായിരുന്നു. അഫ്ഗാന്‍ യുദ്ധകാലത്ത് യുഎസിന്റെ പിടിയിലായ ഭീകരരുടെ പക്കല്‍ നിന്നാണ് ബാലാക്കോട്ട് ക്യാംപിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്.
Post Your Comments