ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ആസാം ഗണ പരിഷത്തും ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് അറിയിച്ചു. സഖ്യത്തിലെ മൂന്നാം കക്ഷിയായി ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിനെ ഉൾപ്പെടുത്താനും തീരുമാനമായി. പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ബിജെപിയും എജിപിയും തമ്മിൽ 2016ൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
ഇതിനെത്തുടർന്ന് എജിപി ഇത്തവണ ബിജെപി സഖ്യം വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ആസാമിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവിന്റെ പ്രഖ്യാപനം. ആസാമിലെ പതിനാല് ലോക്സഭാ മണ്ഡലങ്ങളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഏപ്രിൽ പതിനൊന്നിന് ആരംഭിച്ച് ഏപ്രിൽ ഇരുപത്തിമൂന്നിന് അവസാനിക്കും.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-എജിപി-ബിപിഎഫ് സഖ്യം 2001 മുതൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ്സ് സർക്കാരിനെ പുറത്താക്കി അധികാരത്തിലെത്തിയിരുന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്,ബിഹാർ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ അസാമിലും അസാധ്യമെന്ന് പലരും പ്രവചിച്ച തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് വലിയ ആത്മവിശ്വാസത്തോട് കൂടി ബിജെപി മുന്നോട്ട് പോകുമ്പോൾ മഹസഖ്യ രൂപീകരണ വിഷയത്തിൽ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് കോൺഗ്രസ്സ്.
Post Your Comments