KeralaLatest News

പിജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം; കൂടുതലൊന്നും പറയാനില്ലെന്ന് ജോസ് കെ മാണി

കോട്ടയം: പിജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പുനഃര്‍ചിന്തനത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കൂടുതലൊന്നും പറയാനില്ലെന്ന് ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനെ നിര്‍ദേശിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും തനിയ്ക്ക് പറയാനില്ലെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്.

പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളാ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. വി സി ചാണ്ടിയ്ക്ക് സമാനമായി ജോസ് കെ മാണിയും കോട്ടയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവനുമായി രഹസ്യ കരാര്‍ ഉണ്ടാക്കിയെന്ന് പി സി ജോര്‍ജും പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയ്ക്ക് വി എന്‍ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ് കെ മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയില്‍ത്തന്നെയാണ് സ്ഥിരം തോല്‍വിക്കാരനായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന.

പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ചേര്‍ന്നാണെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം വിസി ചാണ്ടി പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നും സിപിഎം സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെ സഹായിക്കാനാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും വി സി ചാണ്ടി പറഞ്ഞു. ഇതിനിടയിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button