
ഇവന്‍ യൂകി. പല ബ്രീഡുകള്‍ ചേര്‍ന്ന ഒരു പട്ടിക്കുഞ്ഞ്. അസാധാരണ വലിപ്പം മൂലം ഏവരെയും അദ്ഭുതപ്പെടുത്തിയ പട്ടിക്കുഞ്ഞ്. യുഎസിലാണ് ഈ പട്ടിക്കുഞ്ഞിന്റെ കഥ തുടങ്ങുന്നത്. തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യു.എസിലെ ഒരു കുടുംബം ‘യൂകി’യെ ഒരാളില്‍ നിന്ന് വാങ്ങുന്നത്. പല ബ്രീഡുകള്‍ ചേര്‍ന്ന ഒരു പട്ടിക്കുഞ്ഞാണെന്ന് മാത്രമേ അവര്‍ക്കപ്പോള്‍ അറിയുമായിരുന്നുള്ളൂ. അവന്‍ വളര്‍ന്നു തുടങ്ങി. ഓരോ ദിവസം കഴിയുംതോറും യൂകിയുടെ ഭക്ഷണത്തോടുള്ള ആവശ്യം കൂടി വന്നു. എട്ട് മാസമായപ്പോഴേക്ക് സാധാരണഗതിയില്‍ ഒരു പട്ടിക്കുഞ്ഞിന് ഉണ്ടാകുന്നതിലും വലുപ്പത്തില്‍ യൂകി വളര്‍ന്നു. അത്രയും ഭക്ഷണവും അവന് ആവശ്യമായിരുന്നു. പിന്നീടങ്ങോട്ടുള്ള യുകിയുടെ വളര്‍ച്ച ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. ലാളിക്കാനോ ഓമനിക്കാനോ വേണ്ടി ഒന്ന് മടിയില്‍ എടുത്തുവയ്ക്കാന്‍ പോലുമാവില്ല. വീട്ടിനകത്ത് കൊണ്ടുനടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അങ്ങനെ യൂകിയെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായി.
ഫ്ളോറിഡയിലെ ഒരു വന്യമൃഗ സംരക്ഷണകേന്ദ്രത്തിലേക്കാണ് അവര്‍ യൂകിയെ കൈമാറിയത്. അസാധാരണമായ വലിപ്പത്തോടെ ആരെയും അമ്പരപ്പിച്ച് അവിടെയെത്തിയ യൂകിയെ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാക്കാന്‍ തന്നെ അവിടെയുള്ള ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. പരിശോധന കഴിഞ്ഞപ്പോള്‍ 87.5 ശതമാനം ഗ്രേ വൂള്‍ഫും, 8.6 ഷതമാനം സൈബീരിയന്‍ ഹസ്‌കിയും, 3.9 ശതമാനം ജെര്‍മ്മന്‍ ഷെപ്പേര്‍ഡും ചേര്‍ന്നതാണ് യൂകിയെന്ന് ഡിഎന്‍എ ഫലം പ്രഖ്യാപിച്ചു. വളരെ അപൂര്‍വ്വമായേ ഇത്തരത്തിലുള്ള ഘടനാവ്യത്യാസങ്ങള്‍ വളര്‍ത്തുപട്ടികളില്‍ കാണാറുള്ളൂവെന്ന് വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
വീടിന്റെ ചെറിയ ചുറ്റുപാടുകളില്‍ നിന്ന് രക്ഷപ്പെട്ട യൂകി, പെട്ടെന്ന് തന്നെ പുതിയ സാഹചര്യവുമായി ഇണങ്ങി. വനിതാ പരിചാരകരോടാണ് ആശാന് പ്രിയം കൂടുതല്‍. ഇഷ്ടപ്പെടാത്തവരെ കണ്ടാല്‍ അല്‍പം ഗൗരവത്തിലും ദേഷ്യത്തിലുമൊക്കെയാകും. അടുപ്പക്കാരെ എത്ര ദൂരെ കണ്ടാലും സ്നേഹത്തോടെ വൂ…വൂ.. എന്ന ശബ്ദം പുറപ്പെടുവിക്കും. അതുകൊണ്ട് യൂകിയെ ഇപ്പോള്‍ പ്രിയപ്പെട്ടവരൊക്കെ വൂ..വൂ… എന്നാണ് ഓമനിച്ച് വിളിക്കാറ്. കാഴ്ചയ്ക്ക് ഭീകരനാണെങ്കിലും സ്നേഹമുള്ളവനാണെന്നാണ് പരിചാരകര്‍ പറയുന്നത്. ഇതിനിടെ യൂകിക്ക് രക്താര്‍ബുദം പിടിപെട്ടുവെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇനി യൂകിക്ക് അധികനാള്‍ ആയുസ്സില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും അവസാനദിവസങ്ങള്‍ കഴിയുന്നിടത്തോളം മനോഹരമാക്കി നല്‍കാനുള്ള ശ്രമത്തിലാണ് യൂകിയുടെ പരിചാരകരും പ്രിയപ്പെട്ടവരുമെല്ലാം.
Post Your Comments