Latest NewsArticle

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ‘കോട്ടയം പത്ര’ത്തിന് ദേശവിരുദ്ധ നിലപാടോ?എന്‍ഐഎ ഉള്‍പ്പടെ പരിശോധിക്കട്ടെ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

പാക്കിസ്ഥാനില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിനെ വാഴ്ത്തിപ്പാടുക; ഇന്ത്യയില്‍ എന്തെങ്കിലും നല്ലത് നടന്നാല്‍ അതിനെ തുറന്നുകാട്ടിക്കൊണ്ട് മാതൃരാജ്യത്തിന് അപമാനം ഉണ്ടാക്കുക. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുമ്പോള്‍ അതിനെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായി ചിത്രീകരിക്കുക; അതിനെ പാടിപ്പുകഴ്ത്തുക ;…….. ഇത് കുറച്ചുകാലമായി ഇവിടെ നടക്കുന്നുണ്ട്. അത്തരത്തില്‍ ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ നടത്തുന്നവരിലേക്ക് ഇറങ്ങിച്ചെന്നാല്‍ അവര്‍ക്ക് ദേശവിരുദ്ധ-വിഘടനവാദ ശക്തികളുമായുള്ള അടുപ്പവും ബന്ധവുമൊക്കെ തിരിച്ചറിയാനാവുന്നുണ്ട് എന്ന് നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ പറയാറുണ്ട്. അത് ചിലപ്പോഴെങ്കിലും പരസ്യമായി നാം കണ്ടിട്ടുമുണ്ട്. അതിലേക്ക് വരാം. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം ബാലക്കോട്ടില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണല്ലോ. അതിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് എന്തൊരു ആശങ്കയാണ് കേരളത്തിലെ ചില പത്രങ്ങള്‍ക്ക്….. പ്രത്യേകിച്ചും ‘മനോരമ’- ക്ക്. വ്യോമസേനാ മേധാവി കാര്യങ്ങള്‍ വ്യക്തമാക്കിയതിന് ശേഷവും എന്‍ടിആര്‍ഒ നല്‍കുന്ന വിവരങ്ങള്‍ വെളിച്ചം കണ്ടതിന് ശേഷവും നമ്മുടെ ധീര സേനാനിമാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നതിലെ രാഷ്ട്രീയം എന്താണ്?. ഒരു കാര്യം പറയാം; എല്ലാ വിവരങ്ങളും സര്‍ക്കാരിന്റെ പക്കലുണ്ട് . അത് പുറത്തുവിടെണ്ടുന്ന സമയത്ത് നമുക്ക് ലഭിക്കും. അതിന് കോട്ടയത്തെ കടലാസിന്റെ ഔദാര്യമൊന്നും ആവശ്യമില്ല.

Surgical Strike

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍, ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു; വാര്‍ത്തകള്‍ സംബന്ധിച്ചാണത്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അത് ദേശവിരുദ്ധമാണ് എന്ന പ്രതീതി ഉണ്ടായിക്കൂടാ. രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകള്‍ വന്നുകൂടാ……. അതിനുള്ള സാധ്യത ഏറെയുണ്ടെന്നുള്ള കണക്കുകൂട്ടലിലാണ് ആ സര്‍ക്കുലര്‍ ഇറങ്ങിയത് എന്ന് വ്യക്തം. അതിന്റെ കൂടെ പശ്ചാത്തലത്തില്‍ വേണം ഇന്നത്തെ മനോരമ- യുടെ പ്രധാന തലക്കെട്ട് വിലയിരുത്തേണ്ടത്. അത് അക്ഷരാര്‍ഥത്തില്‍ ദേശവിരുദ്ധമാണോ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ……. ഒരു സംശയമാണ്. എന്തായാലും എന്‍ഐഎ ഉള്‍പ്പടെയുള്ളവര്‍ ഇതൊക്കെ പരിശോധിക്കുന്നുണ്ടാവും എന്ന് കരുതാം.

പുല്‍വാമ -ക്ക് ശേഷം ഇന്ത്യ ശക്തമായിട്ടാണ് പ്രതികരിച്ചത്. കടുത്ത നടപടി തന്നെ ഉണ്ടായി. പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന്, 60- ലേറെ കിലോമീറ്റര്‍ പോയി, ജെയ്ഷ് ഇ മുഹമ്മദ് അടക്കമുള്ളവരുടെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തു. ഇന്ത്യ അത് വെളിപ്പെടുത്തുന്നതിന് മുന്‍പേ പാക് സൈനിക നേതൃത്വമാണ് അത് പുറത്തുവിട്ടത്. ലോകം മുഴുവന്‍ ആ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചു; അവരൊക്കെ ഇന്ത്യയെ പിന്തുണച്ചു. യഥാര്‍ഥത്തില്‍ ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന സൈനിക നടപടിയായിരുന്നു അത്. വളരെ ‘റിസ്‌ക് ‘ പിടിച്ച ഇത്തരമൊരു തീരുമാനമെടുത്തത് നരേന്ദ്ര മോദിയാണ്; അദ്ദേഹത്തിന്റെ ഭരണകൂടമാണ്. ഇന്ത്യയെ തൊട്ടുകളിച്ചാല്‍ അത് ചെയ്യുന്നവരെ മാത്രമല്ല അതിന് ഒത്താശ ചെയ്യുന്നവരെയും കൈകാര്യം ചെയ്യുമെന്നതാണ് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. അത്, ഇന്നലെ പ്രധാനമന്ത്രി ഗുജറാത്തില്‍ പ്രസ്താവിച്ചത് പോലെ, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടൊന്നുമല്ല……… നമ്മുടെ പ്രഖ്യാപിത നിലപാടാണിത്. ഇപ്പൊള്‍ മാത്രമല്ലല്ലോ ഇന്ത്യ ഇത്തരം നടപടിക്ക് മുതിര്‍ന്നത്, ‘ഉറി’- ക്ക് ശേഷമുണ്ടായത് ഓര്‍ക്കുക. അന്ന് എന്ത് തിരഞ്ഞെടുപ്പാണ് ഉണ്ടായിരുന്നത്?. ഇക്കാര്യം ഇന്നലെ മോഡി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഇവിടെ ചിലര്‍ക്ക് അതിലൊക്കെ വോട്ടും രാഷ്ട്രീയവും കാണേണ്ടിവരുന്നു. അതിന്റെ ഭാഗമാണ് ‘മനോരമ’ കാട്ടിക്കൂട്ടിയത് എന്നല്ലേ ചിന്തിക്കാനാവൂ?. എന്തിനേറെ പറയുന്നു ഇതേ കൂട്ടരുടെ മനസുള്ളവരാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോഡി ഒരുക്കിയ പദ്ധതിയാണ് പുല്‍വാമ എന്നുവരെ പറഞ്ഞുവെച്ചത്. നാം എവിടെവരെയെത്തി എന്നതോര്‍ക്കുക.

‘മനോരമ’-ക്ക് ഒരു രാഷ്ട്രീയമുണ്ട് എന്നതറിയാം. അത് ഇറ്റാലിയന്‍ നേതാവിന്റെ, വത്തിക്കാന്റെ, പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിക്കാനാണ് എന്നതുമറിയാം. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ആ നിലക്കുള്ള പ്രചാരണങ്ങള്‍ അവര്‍ മുന്‍പും ഏറ്റെടുത്തിട്ടുണ്ട്. അതുതന്നെയാവണം ഇന്നത്തെ ഈ തരംതാണ, ദേശവിരുദ്ധമെന്ന് ദേശീയ ബോധം നശിച്ചിട്ടില്ലാത്തവര്‍ കരുതുന്ന തലക്കെട്ടിന് പിന്നിലുള്ളതും. എന്നാല്‍ അവര്‍ക്ക് ഒന്ന് ചെയ്യാമായിരുന്നു. മരണസംഖ്യ സംബന്ധിച്ച തര്‍ക്കമുണ്ട് എന്ന് പറയാം. അത് ന്യായമാണ്. കാരണം ആരും ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല, ഔദ്യോഗികമായിട്ട്. ഇന്നലെ വ്യോമസേനാ മേധാവി പറഞ്ഞതും വ്യകതമാണ് ; ‘ഞങ്ങള്‍ മരണസംഖ്യ അന്വേഷിക്കാറില്ല; ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കുകയാണ് ചെയ്യുക…. ‘. അതാണല്ലോ സൈന്യത്തിന്റെ ഡ്യൂട്ടി. പിന്നെ അവര്‍ ഒന്നുകൂടി പറഞ്ഞു; ‘എന്താണോ ലക്ഷ്യമിട്ടത്, അവിടെയാണ് സ്‌ട്രൈക്ക് ചെയ്തത്’. അതായത് നാം ലക്ഷ്യമിട്ടത് നേടി എന്ന്. അതാണ് യഥാര്‍ഥത്തില്‍ ഇന്നത്തെ പ്രധാന വാര്‍ത്ത. എന്നാല്‍ അത് സര്‍ക്കാരിന്, രാജ്യത്തിന് ഗുണകരമാണ്; രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസവും അഭിമാനവും പകരുന്നതാണ്. അതുകൊണ്ട് അത് കൊടുക്കേണ്ടെന്ന് കോട്ടയത്ത് തീരുമാനമുണ്ടായി…… പകരം ഒരു ‘അപസര്‍പ്പക കഥ മെനഞ്ഞെടുക്കാന്‍ ‘ തീരുമാനവും ഉണ്ടായി എന്നല്ലേ കരുതേണ്ടത്?.

PULWAMA
PULWAMA

യഥാര്‍ഥത്തില്‍ എത്ര പേര് മരിച്ചു എന്നും മറ്റുമുള്ള ആശങ്ക ഉണ്ടാവേണ്ടത് പാക്കിസ്ഥാനിലാണ്. അവരുടെ മുഖത്തെ വിഷമവും ദേഷ്യവുമൊക്കെ നാം ആ സമയത്ത് കണ്ടതുമാണ്. അവര്‍ ഞെട്ടിത്തരിച്ചിരുന്ന നിമിഷങ്ങള്‍. അതുപോലെ കണ്ട ചില മുഖങ്ങള്‍ ഇന്ത്യയിലെ പ്രതിപക്ഷത്തുമുണ്ട് എന്നത് വിസ്മരിക്കുകയല്ല; അവരുടെ കൂട്ടത്തിലേക്ക് ചില പത്രങ്ങളും പത്രാധിപന്മാരുമെത്താമോ?. പാടില്ലാത്തതാണ്, സംശയമില്ല. ഞാന്‍ സൂചിപ്പിച്ചത്, ആ ആക്രമണം നടക്കുമ്പോള്‍ ആ പരിസരത്ത് ഏതാണ്ട് 300 -ഓളം മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമായിട്ടുണ്ട്. ശാസ്ത്രീയമായ വിവരമാണ്…… അവിടെയുണ്ടായിരുന്നത് ഭീകര ക്യാമ്പുകളാണ് എന്നത് സംബന്ധിച്ചും തര്‍ക്കമില്ല. അവിടത്തെ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്; അതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിടുന്നില്ല എന്നത് ശരിയാണ്. ഇത്രയാളെ ഞങ്ങള്‍ കൊന്നു എന്ന് ഇന്ത്യ ഔദ്യോഗികമായി വിളിച്ചുകൂവണോ ……?. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ സംശയമുള്ളത് ചില പ്രത്യേക മനസ്സ് ഉള്ളവര്‍ക്കാണ്; എന്തൊക്കെ പറഞ്ഞാലും അവര്‍ക്ക് ബോധ്യപ്പെടുകയുമില്ല. പിന്നെ പാകിസ്ഥാന്‍ നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിട്ടാല്‍ മതി. അവര്‍ ഇനിയും അതൊന്നും നിഷേധിച്ചിട്ടില്ല എന്നതോര്‍ക്കുക. മുന്‍പും അതാണ് ഇന്ത്യ ചെയ്തത്; ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വേളയില്‍. അന്ന് പാക് വാദം നമ്മള്‍ തുറന്നുകാട്ടിയതല്ലേ. അതല്ലാതെ ഇന്ത്യയിലെ ചിലര്‍ പാക്കിസ്ഥാന് വേണ്ടിയെന്നവണ്ണം നടത്തുന്ന കരുനീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അരുനില്‍ക്കണമെന്നില്ല. ഇവിടെ അടിസ്ഥാനപരമായി വേണ്ടത്, സൈനികരിലെ വിശ്വാസമാണ്. അത് ഇറ്റാലിയന്‍ കുടുംബത്തിനില്ല എന്നതറിയാം, അവരുടെ പാര്‍ട്ടിക്ക് ഇറ്റാലിയന്‍ സങ്കല്‍പ്പമാണല്ലോ പ്രധാനം. മറ്റുചിലര്‍ക്ക് വോട്ടാണ് പ്രധാനമെന്നും അറിയാം. എന്നാല്‍ മാധ്യമങ്ങള്‍ അതാണോ ചെയ്യേണ്ടത്?.

pulwama

ഒരു പത്രം സാധാരണ നിലക്ക് എന്താണ് ചെയ്യുക; ഒരു നേതാവ് വിവരക്കേട് പറഞ്ഞാല്‍ അത് അപ്പാടെ പ്രസിദ്ധീകരിക്കുമോ?. ഇല്ലല്ലോ; അതില്‍ എന്താണ് സത്യമുള്ളത് എന്നത് പത്രം പരിശോധിക്കാറുണ്ടല്ലോ. ഇപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞുനടക്കുന്ന വിവരക്കേടും ദേശവിരുദ്ധതയും എത്രതവണ ഇവരൊക്കെ പ്രസിദ്ധീകരിച്ചു; നമ്മുടെ പ്രധാനമന്ത്രിയെ ‘ചോര്‍’ എന്ന് വിളിച്ചതുള്‍പ്പടെ. യഥാര്‍ഥത്തില്‍ ആരാണ് ‘ചോര്‍ ചോര്‍ ‘ എന്ന് വിളിക്കപ്പെടേണ്ടത് എന്ന് എല്ലാവര്‍ക്കുമറിയാം; നാഷണല്‍ ഹെറാള്‍ഡ് കേസിലെ ദല്‍ഹി ഹൈക്കോടതി വിധി വായിച്ചാല്‍ മതിയല്ലോ. റഫാല്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയും സിഎജി റിപ്പോര്‍ട്ടും വന്നതിന് ശേഷം കോണ്‍ഗ്രസ് നേതാവ് പറയുന്ന വിവരക്കേടുകള്‍ എന്തിനാണ് ഇക്കൂട്ടര്‍ അതേപടി പ്രസിദ്ധീകരിച്ചത്; അന്ന് അതിന് വിശദീകരണം ഇവരൊന്നും നല്‍കിയില്ലല്ലോ?. അതിന് സമാനമല്ലേ ഒഐസി പ്രമേയം സംബന്ധിച്ച കോണ്‍ഗ്രസ് നിലപാട്……അത് കള്ളത്തരമാണ് എന്നത് ഇനിയെങ്കിലും ഇക്കൂട്ടര്‍ പുറത്തുപറയാത്തത് എന്തുകൊണ്ടാണ്. തങ്ങള്‍ പ്രസിദ്ധീകരിച്ച ഒരാളുടെ നിലപാട് സത്യവിരുദ്ധമായിരുന്നു എന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്തണ്ടേ; വായനക്കാരോട് എങ്കിലും നീതി പുലര്‍ത്തണ്ടേ?. അതൊന്നും ചെയ്തില്ല. അപ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്….. രാജ്യതാത്പര്യമല്ല, പത്രധര്‍മ്മമല്ല പ്രധാനം എന്നും വ്യക്തം.

മറ്റൊന്ന്, ഇതൊന്നും രാജ്യത്തെ ബാധിക്കാന്‍ പോകുന്നില്ല. നരേന്ദ്ര മോദിയെ ജനങ്ങള്‍ക്കറിയാം…. കോട്ടയത്ത് ചിലര്‍ക്ക് സംശയമുണ്ടാവാമെങ്കിലും. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയത് മുതല്‍ ഇക്കൂട്ടര്‍ അദ്ദേഹത്തിനെതിരെ ചെയ്തതൊക്കെ ഇന്ത്യ കണ്ടതല്ലേ. ഈ മാധ്യമങ്ങളെ നേരിട്ടുകൊണ്ടുതന്നെയാണ് അദ്ദേഹം അഞ്ചുവര്‍ഷം മുന്‍പ് പ്രധാനമന്ത്രി കസേരയിലെത്തിയത്. അത് അദ്ദേഹവും മനസിലേറ്റുന്നുണ്ട്, തീര്‍ച്ച. ഇത്തരം കോമാളി വാര്‍ത്തകള്‍ കൊണ്ട് ഇന്ത്യയെ തളര്‍ത്താമെന്ന വ്യാമോഹമുണ്ടെങ്കില്‍ അത് വിലപ്പോവില്ല എന്നതും മോദിക്ക് നന്നായി അറിയാം. ജനങ്ങള്‍ അദ്ദേഹത്തോടൊപ്പമാണ്. മനോരമ യും മറ്റും വായിച്ചിട്ടല്ലോ അവര്‍ വിധിയെഴുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button