തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി പുതിയ സമിതിയെ നിയമിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഈ പുതിയ തീരുമാനം എന്നറിയുന്നു. ഒ.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി മണ്ഡലം പ്രസിഡന്റുമാര്‍ അടക്കമുള്ളവരില്‍ നിന്ന് അഭിപ്രായം തേടും. സ്ഥാനാര്‍ഥി സാധ്യതപട്ടിക തയ്യാറാക്കിയതില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സമിതിയെ വെച്ചത്.
ബി.ജെ.പിയുടെ തയ്യാറാക്കിയ സാധ്യതാ പട്ടിക കണ്ട് ഗ്രൂപ്പിനതീതമായി പരാതി ഉയര്‍ന്നപ്പോള്‍ വ്യത്യസ്ത പരിഹാര മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും ഫലിച്ചില്ല. തമ്മിലടി രൂക്ഷമായതോടെ പ്രശ്‌നം പരിഹരിക്കാനാണ് മൂന്നംഗ സമിതിയെ വച്ചത്. ഒ.രാജഗോപാല്‍ എം.എല്‍.എയെ കൂടാതെ ദേശീയ സമിതിയംഗങ്ങളായ പികെ കൃഷ്ണദാസും, സികെ പത്മനാഭനുമാണ് മറ്റംഗങ്ങള്‍. രാജഗോപാല്‍ വടക്കന്‍ മണ്ഡലങ്ങളിലും പി.കെ കൃഷ്ണദാസ് മധ്യമേഖലയിലും സി.കെ പത്മനാഭന്‍ തെക്കന്‍ മണ്ഡലങ്ങളിലുമാണ് അഭിപ്രായങ്ങള്‍ തേടുന്നത്. മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടും.
Post Your Comments