ന്യൂഡല്‍ഹി : മുന്‍ സര്‍ക്കാരുകളെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഎ ഭരണകാലത്ത് റഫാല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന് മോദി ആരോപിച്ചു.
ബൊഫോഴ്‌സ് മുതല്‍ ഹെലികോപ്റ്റര്‍ കരാര്‍ വരെ, എല്ലാ അന്വേഷണവും ഒരു കുടുംബത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തേക്കു വരാതിരിക്കാനാണ് ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം ആരോപണങ്ങളെല്ലാമുണ്ടെങ്കിലും ഇന്ത്യയുടെ ആകാശത്ത് റഫാല്‍ വിമാനങ്ങള്‍ പറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുന്‍ സൈനികരോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസ് ജവാന്‍മാരുടെ ജീവന്‍ കൊണ്ട് കളിക്കുകയായിരുന്നെന്നും മോദി പറഞ്ഞു. സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു അവസരവും താന്‍ പാഴാക്കിയിട്ടില്ലെന്ന് മോദി അവകാശപ്പെട്ടു. 2009-ല്‍ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യം ആവശ്യപ്പെട്ടതാണ്. അന്നത്തെ സര്‍ക്കാര്‍ അത് നല്‍കിയില്ല. പിന്നീട് നാലരവര്‍ഷം കൊണ്ട് തന്റെ സര്‍ക്കാര്‍ 2,30,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങി നല്‍കി.
സൈന്യത്തില്‍ സ്ത്രീകള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കിയത് തന്റെ സര്‍ക്കാരാണെന്നും മോദി അവകാശപ്പെട്ടു. മോദിയെ ഓര്‍മ്മിച്ചാലും ഇല്ലെങ്കിലും വീരമൃത്യു വരിച്ച ജവാന്‍മാരുടെ സ്മരണ എന്നും നിലനില്‍ക്കണം. ഏതു തടസ്സത്തിനെതിരെയും പോരാടാന്‍ താന്‍ തയ്യാറെന്നും മോദി വ്യക്തമാക്കി.
Post Your Comments