Latest NewsIndia

പാര്‍ട്ടി നേതാവും പ്രവര്‍ത്തകരും വെടിയേറ്റ്‌ മരിച്ചു

കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നേതാവ് ഉള്‍പ്പടെ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി.

ദരിയ പഞ്ചായത്ത്‌ അധ്യക്ഷയായ സപ്ന നസ്കറിന്റെ ഭര്‍ത്താവ് കാര്‍ത്തിക് നസ്കറിനെ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ തംഗ്രഖാലിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാര്‍ത്തിക്കിനെ ദാരിയഹരിയില്‍ വച്ചാണ് അജ്ഞാതര്‍ ആക്രമിച്ചത്.

വെടിയേറ്റ്‌ വീണ കാര്‍ത്തിക്കിനെ പിന്നീട് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

കാര്‍ത്തിക്കിനൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന ഒരാളെ സംഭവത്തിന്‌ ശേഷം കാണാനില്ലെന്ന് ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. ആഴ്ച ചന്തയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

കാര്‍ത്തിക് വെടിയേറ്റ്‌ മരിക്കുന്നതിന് മുന്‍പ് മുര്‍ഷിദാബാദ് ജില്ലയില്‍ നസ്മുല്‍ ഷെയ്ഖ് എന്ന പ്രവര്‍ത്തകനും കുല്‍ടുലിയില്‍ സുരത്ത് അലി മൊണ്ഡല്‍ എന്ന തൃണമൂല്‍ അനുഭാവിയും അജ്ഞാതരുടെ വെടിയേറ്റ്‌ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button