മോറാദാബാദ്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര രാഷ്ട്രീയ പ്രവേശന സൂചന നല്‍കിയതിനു പിന്നാലെ അദ്ദേഹത്തെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചുകൊണ്ട് പോസ്റ്ററുകള്‍. ഉത്തര്‍പ്രദേശിലെ മോറാദാബാദിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.മോറാദാബാദ് ലോക്സഭാ മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു പോസ്റ്റര്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചതിലൂടെ താന്‍ നേടിയെടുത്ത അറിവും പ്രവര്‍ത്തന പരിചയവുമെല്ലാം വെറുതെ പാഴാക്കികളയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വദ്ര കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ എല്ലാം പൊള്ളയാണ് എന്ന് തെളിഞ്ഞതിനു ശേഷം ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തോളമായി തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടെന്നു പറഞ്ഞ വദ്ര എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു. 49കാരനായ വദ്രയെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഈയടുത്ത് ഒന്നിലേറെ തവണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ചില ചെറിയ മാറ്റങ്ങളെങ്കിലും സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വദ്ര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വദ്രയെ സ്വഗാതം ചെയ്തു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.ഇഡിയുടെ ചോദ്യം ചെയ്യല്‍ വിഷയത്തിലും തന്റെ ഭാഗം ന്യായീകരിക്കാന്‍ വദ്ര മറന്നില്ല. ആരും നിയമത്തിന് അതീതരല്ലെന്നാണ് തന്റെ വിശ്വാസം. രാജ്യത്തെ നിയമസംഹിതയെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. അതിനാലാണ് എട്ടോളം തവണ ഇഡിക്കു മുന്‍പാകെ ഹാജരായതെന്നും വദ്ര വ്യക്തമാക്കിയിരുന്നു.
Post Your Comments