തിരുവനന്തപുരം: മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ബഹ്‌റൈനില്‍ എത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുന്ന റാക്കറ്റുകള്‍ സജീവമാകുന്നതായി ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 64 സ്ത്രീകളെ ബഹ്‌റൈനില്‍ എത്തിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. നല്ല ജോലിയും ശമ്പളവും നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവരില്‍ പലരെയും ഇവിടെ എത്തിക്കുന്നത്. ഇവരില്‍ 14 പേരെ മോചിപ്പിച്ച് മൂന്ന് വര്‍ഷത്തിനുമുമ്പ് രാജ്യത്ത് തിരികെ എത്തിച്ചു. മറ്റ് സ്ത്രീകളെ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നതായും ഇവരെ മലയാളികള്‍ ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റുകള്‍ ചൂഷണം ചെയ്യുകയാണെന്നുമാണ് കണ്ടെത്തല്‍.
ക്രിമിനല്‍ സംഘത്തിനുള്ളില്‍ നിന്നും പ്രതികരിക്കാനുള്ള ഭയംമൂലവും തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന കാരണത്താലും പലരും സഹായം അഭ്യര്‍ത്ഥിക്കാന്‍ മടിക്കുന്നതാണ് ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതിന് കാരണമായി പറയുന്നത്. ഭയം കാരണം മറ്റാരോടെങ്കിലും തിരിച്ച് വരാനുള്ള സഹായം അഭ്യര്‍ത്ഥിക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ സ്വകാര്യജീവിതത്തെയും ഭാവിയെയും ബാധിക്കുമെന്നതിനാല്‍ പലരും പോലീസില്‍ സഹായം തേടാന്‍ മടിക്കുകയാണ്. ഐജി ശ്രീജിത്ത് നേതൃത്വം നല്‍കിയ ആന്റി ട്രാഫിക്കിങ്ങ് യൂണിറ്റിന്റെ ശ്രമഫലമായി ഇവരില്‍ 14 പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ബഹറൈന്‍ അധികൃതരുടെ സഹായവും ഇതിന് ലഭിച്ചിരുന്നു. എന്നാല്‍ തിരികെ എത്തിയ ഭൂരിഭാഗം സ്ത്രീകളും തങ്ങള്‍ നേരിട്ട പീഡനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഇവരില്‍ രണ്ടുപേര്‍ മാത്രമാണ് പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
തിരികെയെത്തിയ യുവതികള്‍ സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ പേരുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ നല്‍കിയ പേരുകള്‍ യഥാര്‍ത്ഥമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല എന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നതും വേശ്യാവൃത്തിക്കുപയോഗിക്കുന്നതും ഒരു സ്ഥിരം സംഭവമായി മാറിയിട്ടുണ്ടെന്നും നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി സ്ത്രീകള്‍ ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments