ദുബായ്: ഷെറി,സഫി മത്സ്യങ്ങള്‍ രണ്ട് മാസത്തേക്ക് പ്രാദേശികമായി പിടികൂടാനോ,ഇറക്കുമതി ചെയാനോ പാടില്ലെന്ന് യു.എ.ഇ കാലാവസ്ഥാ പരിസ്ഥിതി-വ്യതിയാന മന്ത്രാലയം. ഈ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതിനാലാണ് 2015ലെ മന്ത്രാലയം തീരുമാനം ക്രമ നമ്പര്‍ 501 പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ കാലയളവില്‍ ഈ രണ്ടു മത്സ്യങ്ങള്‍ പിടികൂടാനോ,ഇറക്കുമതി ചെയാനോ പാടില്ല. മീന്‍ പിടിക്കുന്ന വേളയില്‍ ഷെറി,സഫി മത്സ്യങ്ങളെ അബദ്ധത്തില്‍ പിടികൂടിയാല്‍ മത്സ്യത്തൊഴിലാളികള്‍ അതിനെ തിരികെ കടലിലേക്ക് വിടണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഈ രണ്ട് സ്പീഷീസിലും പെട്ട മത്സ്യങ്ങളെ പിടിക്കുന്നത് മാത്രമല്ല യുഎഇയിലെ മാര്‍ക്കറ്റുകളില്‍ ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇറക്കുമതി ചെയ്തതോ പ്രാദേശികമായി നിര്‍മ്മിച്ചതോ ആയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചു. ഈ സമയത്ത് പുതിയതും, ഫ്രോസണ്‍ ചെയ്തതും, ഉപ്പിലിട്ടത്, ഉണക്കിയത്, അല്ലെങ്കില്‍ ഏതെങ്കിലും രൂപത്തില്‍ സംസ്‌കരിച്ചെടുത്ത മത്സ്യത്തിന്റെ ഇറക്കുമതിയും പുനര്‍ കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രധാനപ്പെട്ട പ്രാദേശിക മത്സ്യങ്ങളാണ് ഷെറി,സഫി എന്നിവ. മുന്‍കാലങ്ങളില്‍ ഇവയുടെ പ്രജനന സമയത്ത് നടത്തിയ അനിയന്ത്രിതമായ മീന്‍പിടിത്തം കാരണം മത്സ്യങ്ങളുടെ ലഭ്യതയില്‍ വന്‍ കുറവ് സംഭവിച്ചതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. ശേഷം മത്സ്യങ്ങള്‍ വന്‍ തോതില്‍ ലഭിക്കാന്‍ ഇത് സഹായിച്ചെന്നും, മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ഗുണകരമായെന്നും ഫിഷറീസ് വകുപ്പ്(എംഓസിസിഎഇ) ആക്ടിംഗ് ഡയറക്ടര്‍ അഹ്മദ് അല്‍ സഅബൈ പറഞ്ഞു.
ഷെരി, സഫി മത്സ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ഭക്ഷണ വൈവിധ്യം വര്‍ദ്ധിപ്പിക്കുകയുമാണ് നിരോധനത്തിന്റെ ലക്ഷ്യം. 2015-2018 കാലഘട്ടങ്ങളില്‍ എം ഒ സി സി എ ഇ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് അല്‍ സബാബി ചൂണ്ടിക്കാട്ടി. സഫി മത്സ്യങ്ങളുടെ കാര്യത്തില്‍ പിടിക്കുന്ന ഏറ്റവും ചെറിയ മത്സ്യത്തിന്റെ അളവ് ആദ്യ വര്‍ഷത്തിലെ 41.2 ശതമാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 17.4 ശതമാനമായി കുറഞ്ഞു. കൂടാതെ മത്സ്യത്തിന്റെ ശരാശരി നീളം 23.9 സെന്റീമീറ്റര്‍ ആയിരുന്നതില്‍ നിന്നും 24.9 സെ.മീ ആയി ഉയര്‍ത്തുവാനും കഴിഞ്ഞിട്ടുണ്ട്. ഷെറി മത്സ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, അവയുടെ ശരാശരി ദൈര്‍ഘ്യം 65 സെന്റീ മീറ്ററില്‍ നിന്നും 68 സെന്റീമീറ്ററോളം ഉയര്‍ത്തുവാനും സാധിച്ചു.
കഴിഞ്ഞ തവണ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ 99.9 ശതമാനം മത്സ്യത്തൊഴിലാളികളും സഹകരിച്ചെന്നും. മാര്‍ക്കറ്റുകളോ. വിവിധ മത്സ്യ കമ്പനികളോ നിരോധനം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. വരും തലമുറയ്ക്കായി ഇത്തരം മത്സ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Leave a Comment