മാഞ്ഞൂര്‍: മുന്നറിയിപ്പില്ലാതെ റെയില്‍വേ ഗേറ്റുകള്‍ പൊളിച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി. റെയില്‍വേ പാതയിരട്ടിപ്പിക്കലിനും അറ്റകുറ്റപ്പണികള്‍ക്കുമായി കോതനല്ലൂര്‍, പള്ളിത്താഴം റെയില്‍വേ ഗേറ്റുകളാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. <ഇതോടെ ചാമക്കാല, പാറപ്പുറം, മാഞ്ഞൂര്‍ സെന്‍ട്രല്‍, മാഞ്ഞൂര്‍ സൗത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ ദുരിതത്തിലായി. ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കണം. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തണമെങ്കില്‍ അതിരാവിലെ പുറപ്പെടണം. സ്വകാര്യബസുകള്‍ താരതമ്യേന കുറവുള്ള പ്രദേശമാണ്. കാല്‍നടയാത്രയും ദുഷ്‌കരമാണ്.
പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായി നിലവിലുണ്ടായിരുന്ന പാലം പൊളിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ഇതുവരെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായില്ല.
അപ്രോച്ച് റോഡിന് വേണ്ടിവരുന്ന സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയില്ല. മാഞ്ഞൂരുകാരുടെ മറ്റൊരു ആശ്രയമായ കുറുപ്പന്തറ റെയില്‍വേ ഗേറ്റ് നിരന്തരം കേടാകുന്നതും യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. ഈ ഗേറ്റിന് കേടുപാട് വന്നാല്‍ ചേര്‍ത്തല, കല്ലറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആറ് കിലോമീറ്ററോളം ചുറ്റി മുട്ടുചിറ വഴി വാലാച്ചിറ റെയില്‍വേഗേറ്റ് കടന്നുവേണം പോകാന്‍.
Post Your Comments