അറുപത്തിയഞ്ചുകാരനായ അബ്ദുള്‍ കാദര്‍ വീട്ടുവളപ്പില്‍ ഒറ്റയ്ക്ക് കുഴിയെടുത്തുതുടങ്ങിയത് മഴക്കുഴിക്കായി. കുഴിച്ചു കുഴിച്ച് വന്നപ്പോള്‍ ആഴവും കൂടി. ആഴം കൂടിയതോടെ ആറുകോല്‍ താഴ്ചയുള്ള കിണറാക്കി
പാഞ്ഞാള്‍ തൊഴുപ്പാടം അഞ്ചാം വാര്‍ഡ് പടനാട്ടില്‍ അബ്ദുള്‍ കാദറാണ് ഒറ്റയ്ക്ക് കിണര്‍ കുഴിച്ച് നാടിനെ അതിശയിപ്പിച്ചത്. എട്ടുവര്‍ഷം മുന്‍പാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നത്. ബഹ്റൈനിലും സൗദിയിലുമായി ഹോട്ടല്‍ നടത്തുകയായിരുന്നു. നാട്ടിലെത്തി പാചകത്തൊഴില്‍ ചെയ്തുവരുന്നു.
ഇക്കഴിഞ്ഞ ജൂലായിലാണ് മഴക്കുഴിയെടുത്തു തുടങ്ങുന്നത്. മഴ കനത്തതോടെ കുഴിയുടെ നിര്‍മാണം നിലച്ചു.മഴ പെയ്തൊഴിഞ്ഞശേഷം ഇടയ്ക്കിടെ പിക്കാസും ബക്കറ്റുമെടുത്ത് മഴക്കുഴി മോടികൂട്ടാന്‍ ഇറങ്ങി. കുഴിച്ചുകുഴിച്ച് കുഴിയുടെ ആഴം കൂടിയതോടെ ഒടുവില്‍ കിണര്‍ കുഴിച്ചാലോ എന്ന ചിന്തയായി.
പാചകജോലിയില്ലാത്തപ്പോള്‍ പകല്‍ കുറച്ച് സമയം കുഴിയെടുക്കലും മണ്ണ് നീക്കം ചെയ്യലുമെല്ലാം ഒറ്റയ്ക്ക് തുടങ്ങി. കുഴിയുടെ ആഴം കൂടിയതോടെ തടികള്‍ വെച്ച് കപ്പികെട്ടി മണ്ണ് കോരാന്‍ പാകത്തിന് സംവിധാനമൊരുക്കി. അഞ്ച് ബക്കറ്റുകളുമായി കുഴിയില്‍ ഏണിവെച്ച് ഇറങ്ങും. ബക്കറ്റുകളില്‍ മണ്ണ് നിറച്ചശേഷം കമ്പിയില്‍ കോര്‍ക്കാന്‍ പാകത്തിന് ബക്കറ്റിന്റെ പിടിത്തം മരക്കഷണം വെച്ച് ക്രമീകരിക്കും.<പിന്നീട് കുഴിയില്‍നിന്ന് മുകളില്‍ കയറി കമ്പിക്കൊളുത്ത് ഉപയോഗിച്ച് അബ്ദുള്‍കാദര്‍ തന്നെ ബക്കറ്റ് വലിച്ചുകയറ്റിയാണ് മണ്ണ് പുറത്തെത്തിച്ചിരുന്നത്. അഞ്ച് കോല്‍ കുഴിച്ചുകഴിഞ്ഞതോടെ കിണറില്‍ വെള്ളവും കണ്ടുതുടങ്ങി. വീണ്ടും ഒരുകോല്‍ കൂടി താഴ്ത്തിയതോടെ വെള്ളത്തിന്റെ കുത്തൊഴുക്കായി. ആദ്യമൊക്കെ പരിഹസിച്ച നാട്ടുകാര്‍ക്ക് ഇപ്പോഴിത് അത്ഭുതക്കിണറായി മാറിയിരിക്കുകയാണ്.ഭാര്യ ബീവാത്തുവും മൂന്ന് മക്കളുമടങ്ങിയതാണ് അബ്ദുള്‍കാദറിന്റെ കുടുംബം.
Post Your Comments