കാസര്‍കോട്: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പെട്ടെന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അന്വേഷണം കൂടുതല്‍ കണ്ണികളിലേക്ക് നീണ്ടാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അതെ തുടര്‍ന്നുണ്ടാകുന്ന അറസ്റ്റും ബന്ധപ്പെട്ട വാര്‍ത്തകളും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. അതില്‍നാല്‍ ഇത് ഒരു പ്രാദേശിക കൊലപാതകമായി വരുത്തി തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കപ്പെട്ടു കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്.
പാര്‍ട്ടി ഗ്രാമത്തിലൊളിവില്‍ പോയ പീതാംബരനടക്കമുള്ള പ്രതികളെ പോലിസിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു സിപിഎം. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇടപെട്ട് പോലീസിന്റെ കൈയില്‍ നിന്നും മോചിപ്പിച്ച് കൊണ്ട് പോയ ഒരു പ്രതിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. മാത്രമല്ല പൊലീസ് പീതാംബരനെ പ്രധാന പ്രതിയാക്കും മുമ്പ് പാര്‍ട്ടി അയാളെ കുറ്റക്കാരനെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ല എന്ന് പറയുകയുണ്ടായി. പീതാംബരന് മുകളിലേക്കന്വേഷണം പോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇത് എന്നുവേണം വിലയിരുത്തപ്പെടാന്‍.
അന്വേഷണം ആരംഭിച്ച പോലീസ് തുടക്കത്തില്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് വിഴുങ്ങി. തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ഈ കൊലപാതകം വോട്ടെണ്ണലില്‍ ബാധിക്കരുത് എന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചാലും കുറഞ്ഞത് വടക്കന്‍ കേരളത്തിലെങ്കിലും വേട്ടെടുപ്പില്‍ ഈ സംഭവം കാര്യമായി പ്രതിഫലിക്കുമെന്ന് വേണം കരുതാന്‍.
Post Your Comments